പത്തു വര്‍ഷം ഭരണത്തിലിരുന്നിട്ടും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാത്ത മുഖ്യമന്ത്രി, ജില്ല സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംപി. മുന്‍പ് ജില്ലയിലെത്തിയപ്പോഴൊക്കെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി മടങ്ങുന്ന രീതിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത്തവണയും പതിവ് പല്ലവി ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും എംപി കുറ്റപ്പെടുത്തി. മുന്‍പ് പ്രഖ്യാപിച്ച 18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് കൊണ്ട് ജില്ലയിലെ ഒരാള്‍ക്ക് പോലും പത്തുപൈസയുടെ ഗുണം ലഭിച്ചിട്ടില്ല.
ആശയക്കുഴപ്പമുണ്ടാക്കുന്ന ഉത്തരവുകളിലൂടെ മലയോര ജനതയെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. അര്‍ഹരായവര്‍ക്ക് പട്ടയം ലഭിക്കാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. കോടതിയില്‍ പട്ടയ കേസുകള്‍ വരുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പരാജയപ്പെടുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ കാരണമാണ്. 2024 ഏപ്രിലില്‍ ഹൈക്കോടതി പട്ടയ വിതരണം സ്റ്റേ ചെയ്തിട്ടും അത് നീക്കാന്‍ ഒന്നരവര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഭൂചട്ടങ്ങള്‍ പരിഷ്‌കരിച്ച് ഭൂമി ക്രമവല്‍ക്കരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ പത്തു വര്‍ഷമായിട്ടും എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. ജില്ലയില്‍ വന്യമൃഗ ആക്രമണം രൂക്ഷമാണ്. ഇതിനിടെ കൂടുതല്‍ പ്രദേശങ്ങള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ച് ജനങ്ങളെ സര്‍ക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കേരള ബാങ്ക് നടത്തുന്ന ജപ്തി നടപടികളെ എന്തു വിലകൊടുത്തും തടയുമെന്ന് എംപി മുന്നറിയിപ്പ് നല്‍കി. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്ത് ജനങ്ങളെ പറ്റിക്കുകയാണ്. പാല്‍ക്കുളംമേട്, വടക്കേപ്പുഴ ടൂറിസം പദ്ധതികള്‍ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടേണ്ടി വന്നത് ഇതിന് തെളിവാണ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ വടക്കേപ്പുഴ പദ്ധതി തുടങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നും, ഇതിന് പിന്നില്‍ വന്‍ അഴിമതിയാണെന്നും എംപി ആരോപിച്ചു. മന്ത്രി റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം ഇപ്പോള്‍ ഒരു വിനയായി മാറിയിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പരിഹസിച്ചു.



0 Comments