ഗുണ്ടാ നേതാവ് അതുലിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും പൊലീസ് പിടിയിൽ. മുണ്ടക്കയത്തു നിന്നും പ്രതികളെ പിടിച്ചത് പോലീസും നാട്ടുകാരും ചേർന്ന്. പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേരെയും ആദ്യം അറസ്‌റ്റ് ചെയ്തിരുന്നു. നാലു പ്രതികളെ മുണ്ടക്കയത്തിന് സമീപമുള്ള മുരിക്കും വയലിൽ നിന്ന് കഴിഞ്ഞ രാത്രി 11.30 യോടെയാണ് പിടികൂടിയത്. കരുനാഗപ്പള്ളി സ്വദേശി വിഷ്ണു, കുലശേഖരപുരം സ്വദേശികളായ ഹുസൈൻ, മുഹമ്മദ് ആഷിക്, നൗഫൽ എന്നിവരാണ് മുണ്ടക്കയത്തു നിന്നു പിടിയിലായത്.
കൊലപാതകത്തിന് ശേഷം കാറിൽ കൊല്ലത്തു നിന്നും കടന്നുകളഞ്ഞ നാലംഗ സംഘം വിവിധ സ്ഥലങ്ങൾ ചുറ്റിത്തിരിഞ്ഞ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുവാനാണ് മുണ്ടക്കയം ഭാഗത്തേക്ക് വന്നത്. പ്രതികളെ രഹസ്യമായി പിന്തുടർന്ന പൊലീസ് കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈലിൽ തടയാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല.
പൊലീസിനെ വെട്ടിച്ച് എരുമേലി റൂട്ടിലേക്ക് വന്ന ഇവർ മുണ്ടക്കയത്ത് നിന്നും നാലു കിലോമീറ്റർ മാറി അമരവതിയിൽ നിന്നും പുഞ്ചവയൽ റൂട്ടിലേക്ക് തിരിഞ്ഞു പോവുകയായിരുന്നു. ഈ റൂട്ടിൽ മുരിക്കും വയൽ ഗവൺമെന്റ് സ്കൂളിന് സമീപം എത്തി ചെറിയ റോഡിലൂടെ പോകാൻ ശ്രമിക്കുന്നതിനിടെ വണ്ടി റോഡിൽ കുടുങ്ങുകയും വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയുമായിരുന്നു.




0 Comments