കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു.


 കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. ചെറിയ കുട്ടികള്‍ക്കിടയിലാണ് കൂടുതലായി മുണ്ടിനീര് കാണപ്പെടുന്നത്. കഴിഞ്ഞ മാസം 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുക. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഇതിനു പുറമെ വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. 


വിശപ്പില്ലായ്മയും തൊണ്ട വേദനയും ക്ഷീണവും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടികളെ രോഗം ബാധിച്ചാല്‍ വിദ്യാലയങ്ങളില്‍ വിടാതിരിക്കുകയും വിശ്രമവും ധാരാളം വെള്ളം കുടിയ്ക്കാന്‍ നല്‍കുകയും വേണം. ഉമിനീരിലൂടെയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളും വായുവില്‍ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരും. 


രോഗ ബാധിതര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. 
മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല. മുണ്ടിനീരിനെ പ്രതിരോധിക്കാന്‍ എടുത്തിരുന്ന വാക്‌സിന്‍ 2017ല്‍ നിര്‍ത്തലാക്കിയതാണ് രോഗത്തിന്റെ വലിയ വര്‍ധനയ്ക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു. അതുവരെ കുട്ടികള്‍ക്ക് ഒന്നര വയസിനകം മംപ്‌സ് – മീസില്‍സ്- റുബെല്ല വാക്‌സീന്‍ നല്‍കിയിരുന്നു. തുടര്‍ന്ന്, ഇത് മീസില്‍സ് -റുബെല്ല വാക്‌സീന്‍ മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments