പുരുഷന്മാര്‍ മാത്രം താലമേന്തുന്ന അപൂര്‍വ്വ ആചാരം.... കുറിഞ്ഞിക്കാവ് വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ താലപ്പൊലി<


 സ്ത്രീകള്‍ക്ക് പകരം പുരുഷന്മാര്‍ മാത്രം താലപ്പൊലിയേന്തുന്ന അപൂര്‍വ്വ ആചാരത്തിന് സാക്ഷ്യം വഹിച്ച് രാമപുരത്തിനടുത്തുള്ള കുറിഞ്ഞിക്കാവ് വനദുര്‍ഗ്ഗാദേവീ ക്ഷേത്രം. രണ്ട് നൂറ്റാണ്ടിലേറെയായി മുടങ്ങാതെ തുടരുന്ന ഈ ആചാരത്തില്‍ പ്രായഭേദമന്യേ നിരവധി പുരുഷന്മാരാണ് പങ്കെടുത്തത്. മൂന്ന് ദിവസത്തെ കഠിന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് പുരുഷന്മാര്‍ താലമേന്തുന്നത്. വെള്ളമുണ്ടും നേര്യതുമണിഞ്ഞ അമ്പതോളം പ്രദേശവാസികളാണ് ഇത്തവണ ചടങ്ങിന്റെ ഭാഗമായത്. ഭരണി മുതല്‍ പൂരം വരെയുള്ള പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 30-നായിരുന്നു താലപ്പൊലി നടന്നത്.


 പ്രതിഷ്ഠാപീഠത്തില്‍ നിന്ന് ദേവിയെ കാവിന് താഴെ ഒരുക്കിയ പ്രത്യേക പീഠത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിനായാണ് താലപ്പൊലി നടത്തുന്നത്. കുറഞ്ഞത് 12 പേര്‍ വേണമെന്നാണ് ചട്ടമെങ്കിലും ഭക്തജനത്തിരക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരാറുണ്ട്. കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ചടങ്ങിന് ശേഷം ഭക്തര്‍ക്കായി താലസദ്യയും ഒരുക്കിയിരുന്നു. രണ്ടര ഏക്കറോളം വരുന്ന വനത്തിനുള്ളിലാണ് ഈ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 


മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ വിഗ്രഹത്തറ മാത്രമേയുള്ളൂ; ശ്രീകോവിലോ ചുറ്റുമതിലോ ഇല്ല എന്നതും പ്രത്യേകതയാണ്. കുഴികണ്ടത്തില്‍ കുടുംബ ട്രസ്റ്റിന്റെ ചുമതലയിലാണ് ക്ഷേത്രഭരണം നടക്കുന്നത്. 
സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9 വരെയാണ് പൂജാസമയം. ഉത്സവ ദിനങ്ങളില്‍ മാത്രമാണ് വൈകുന്നേരം ദീപാരാധന നടത്താറുള്ളത്. സ്ത്രീകളെ താലപ്പൊലി ഏന്താന്‍ അനുവദിക്കാത്ത ഈ വേറിട്ട ആചാരം കാണാന്‍ നിരവധി ആളുകളാണ് കുറിഞ്ഞിക്കാവിലെത്തിയത്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments