ആനയ്ക്കും, പന്നിയ്ക്കും പിന്നാലെ കരടിയും..... ശബരിമല കാനന പാതയിൽ ജനവാസമേഖലയോടു ചേർന്ന് കരടിയെ കണ്ടതായി നാട്ടുകാർ.




 ശബരിമല കാനന പാതയിൽ ജനവാസമേഖലയോടു ചേർന്ന് കരടിയെ കണ്ടതായി നാട്ടുകാർ. കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവ് ആശാൻ കോളനി ഭാഗത്താണ് കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. നാട്ടുകാരായ രണ്ടു പേരാണ് കരടിയെ കണ്ടത്. വളർത്തു നായ ബഹളം വെച്ചതോടെ കരടി ഓടി മറയുകയായിരുന്നു. ചൂട് കൂടിയതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയുണ്ടെന്നു നാട്ടുകാർ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കരടിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, നാട്ടുകാർ കടുത്ത ആശങ്കയിലാണ്. 



വേനല്‍ ചൂടിന്റെ കാഠിന്യം മൂലം കാടിറങ്ങി  മലയോര മേഖലയിലെ  ജനവാസ മേഖലയിലെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇതിനോടകം തന്നെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആന, പുലി കുരങ്ങ്, മയില്‍, പന്നി, കാട്ടുനായ്ക്കള്‍, കുറുനരി എന്നിവയാണ് വനമേഖലയില്‍ നിന്ന് നാട്ടിന്‍പുറങ്ങളിലെത്തുന്നത്. കുടിനീരും തീറ്റയും തേടി ഉള്‍ക്കടിറങ്ങുന്ന വന്യ ജീവികള്‍ പലപ്പോഴും വിള നശിപ്പിച്ചും മറ്റും നാട്ടുകാര്‍ക്ക് കഷ്ടനഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. കാട്ടുചോലകളും ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ എട്ട് മുതല്‍ 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളിൽ വരെ വന്യമൃഗങ്ങള്‍ വരുന്നുണ്ട്. പട്ടാപകല്‍ പോലും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നുണ്ട്.



 വാനരന്മാര്‍ തെങ്ങുകളില്‍ കയറി ഫലങ്ങള്‍ പറിച്ചിടുന്നതും വീടുകളുടെ ടെറസുകളില്‍ കയറി ഉണക്കാനിട്ടവ എടുത്ത് കൊണ്ട് പോവുന്നതും പതിവാണ്. വാഹനസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കാട്ടുപന്നികളെത്തി ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും വിനയായി. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന മുല്ലയാറിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കുടുംബസമേതം കരടിയെത്തിയിരുന്നു. ഇവിടെ താമസിക്കുന്ന മുല്ലയാര്‍ സ്വദേശി പത്മരാഗം വീട്ടില്‍ ഇന്ദുലേഖ രതീഷിന്റെ വീട്ടു മുറ്റത്താണ് കരടിക്കൂട്ടം എത്തിയത്. മാതാപിതാക്കളായ രണ്ട് കരടികള്‍ക്കൊപ്പം മൂന്ന് കുട്ടിക്കരടികളുമാണ് രാത്രിയാകുമ്പോള്‍ വീട്ടുമുറ്റത്തേക്ക് എത്തുന്നത്.  ഇതോടെ ജനം ഭീതിയിലായിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments