പൊള്ളുന്ന പകല്‍ ചൂടില്‍ നിന്നും പറ്റാവുന്നത്ര സംരക്ഷിക്കാൻ നോക്കി, എന്നിട്ടും കന്നുകാലികള്‍ തളര്‍ന്നു വീഴുന്നു. കന്നുകാലി കര്‍ഷകര്‍ പ്രതിസന്ധിയല്‍.
പലയിടങ്ങളിലും കനത്ത ചൂടില്‍ കന്നുകാലികള്‍ ചത്തുവീഴുന്നതായി കര്‍ഷകര്‍ പറയുന്നു. രണ്ടു മാസമായി തുടരുന്ന കനത്ത ചൂടിനാല്‍ പാലുത്പാദനം ഗണ്യമായി കുറഞ്ഞു. പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണു സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം കടുത്തുരുത്തിയില്‍, പ്രസവിച്ച പശു ചൂടു സഹിക്കാനാകാതെ ചത്തുവീണിരുന്നു.
കഴിഞ്ഞ സീസണില്‍ മുപ്പതു ലിറ്ററിനു മുകളില്‍ പാല്‍ ലഭിച്ച പശുവാണു ചത്തത്. നിരവധിയിടങ്ങളില്‍ പ്രസവിക്കാറായ കന്നുകാലികള്‍ ഉള്‍പ്പെടെ തളര്‍ന്നു വീഴുന്നുണ്ട്. തളര്‍ച്ച, തീറ്റ എടുക്കാന്‍ മടി, പനി, വായില്‍ നിന്ന് നുരയും പതയും വരുക, വായ തുറന്ന ശ്വസനം, സൂര്യതാപമേറ്റ് പൊളളിയ പാടുകള്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഉരുക്കള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സ്ഥലം വെറ്ററിനറി സര്‍ജനെ വിവരം അറിയിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ നിർദേശം നൽകിയിട്ടുണ്ട്.
കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തതിനെ തുടർന്ന് വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിൻ്റെ ഫാമിൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാർട്ടിൻ്റെ 17 പശുക്കളുടേയും രക്തസാമ്പിൾ ശേഖരിച്ചു. കോടിമതയിലുള്ള വെറ്ററിനറിലാബിൽ എത്തിച്ച രക്ത സാമ്പിളിൻ്റെ പരിശോധനാഫലം ഇന്ന് രാവിലെ ലഭിച്ചേക്കും. മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള 13ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെ ചത്തത്. മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു. 80000രൂപയോളം വില വരുന്ന കറപ്പശുവായിരുന്നിത്.കഴിഞ്ഞ മാസവും സമാന രീതിയിൽ പ്രസവം നടന്ന് 28ാം ദിനത്തിൽ 12ലിറ്റർ പാൽ ലഭിച്ചിരുന്ന കറവ പശു ഇവിടെ ചത്തിരുന്നു.



0 Comments