അവധിക്കാലം ആഘോഷിക്കാന്‍ ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ മലമ്പാതകളില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു. വാല്‍പാറയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, മലയോര പാതകളില്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് മോട്ടര്‍ വാഹനവകുപ്പ്. നഗരങ്ങളിലെ നിരന്ന റോഡുകളില്‍ വാഹനം ഓടിച്ച് ശീലിച്ചവര്‍ അതേ ശൈലി മലമ്പാതകളില്‍ തുടരുന്നതാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കയറ്റത്തിലും ഇറക്കത്തിലും ശരിയായ ഗിയര്‍ തെരഞ്ഞെടുക്കുക.
ഇറക്കങ്ങളില്‍ തുടര്‍ച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കാനും ബ്രേക്ക് പൂര്‍ണ്ണമായും നഷ്ടപ്പെടാനും കാരണമാകും. അതിനാല്‍ എഞ്ചിന്‍ ബ്രേക്കിംഗ് പ്രയോജനപ്പെടുത്തുക. മുന്നില്‍ എപ്പോഴും ഒരു അപകടം ഉണ്ടാകാം എന്ന മുന്‍വിധിയോടെ വേഗത നിയന്ത്രിച്ച് മാത്രം ഡ്രൈവ് ചെയ്യുക. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്കാണ് മലമ്പാതകളില്‍ എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. വളവുകളിലും ഇടുങ്ങിയ പാതകളിലും യാതൊരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്. വളവുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും അപകടകരമാണ്.
അന്ധമായ വളവുകളില്‍ കൃത്യമായി ഹോണ്‍ മുഴക്കി മറ്റ് വാഹനങ്ങള്‍ക്ക് സൂചന നല്‍കുക. കാലാവസ്ഥയും കാഴ്ചയും കനത്ത മഴയോ കോടമഞ്ഞോ കാരണം കാഴ്ച തടസ്സപ്പെട്ടാല്‍ വാഹനം സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിര്‍ത്തി കാത്തിരിക്കുക. രാത്രികാലങ്ങളില്‍ അപരിചിതമായ വഴികളിലൂടെ ഗൂഗിള്‍ മാപ്പിനെ മാത്രം വിശ്വസിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. പലപ്പോഴും മാപ്പ് കാണിക്കുന്ന എളുപ്പവഴികള്‍ ചത്തനിലയിലുള്ളതോ അപകടം നിറഞ്ഞതോ ആയ പാതകളാകാം. യാത്ര തുടങ്ങുന്നതിന് മുന്‍പ് ടയറുകള്‍, ബ്രേക്ക് സംവിധാനം, വൈപ്പര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക.
ഡ്രൈവര്‍ക്ക് ക്ഷീണമോ ഉറക്കമോ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും വിശ്രമിക്കുക. ഒപ്പം പ്രാഥമിക ചികിത്സയ്ക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റും വാഹനത്തില്‍ കരുതുക. റോഡ് ചിഹ്നങ്ങള്‍ വെറും ബോര്‍ഡുകളല്ല, അവ നിങ്ങളുടെ സുരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളാണ്. അവ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങള്‍ വലിയൊരു പരിധി വരെ ഒഴിവാക്കാം.




0 Comments