മലയാളി പുരോഹിതൻ ജർമനിയിൽ മരിച്ചു; അപകടകാരണം പാളത്തിലേക്ക് വീണത്, നോവായി ഫാ. ജിജു കിലുക്കൻ
ജർമനിയിലെ ഷോൺസ്റ്റാറ്റ് സഭയുടെ പ്രൊവിഡൻസ് പ്രൊവിൻസ് അംഗവും എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കൻ (47) ജർമനിയിലുണ്ടായ അപകടത്തിൽ മരിച്ചു. ജർമനിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു അദ്ദേഹം.
ഏപ്രിൽ 20ന് വൈകുന്നേരം 5:15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് (Schwabing-West) നോർഡ്-ഫ്രീഡ്‌ഹോഫ് യു-ബാൻ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന ഫാ. ജിജു ബാൻ വരുന്നത് കണ്ട് അതിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു. മ്യൂണിക്ക് ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്.
യു-ബാൻ ലൈൻ 6-ന്റെ പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന അദ്ദേഹം അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയായിരുന്നു. അദ്ദേഹം പാളത്തിലേക്ക് വീണ ഉടൻ തന്നെ ട്രെയിൻ ഡ്രൈവർ ‘എമർജൻസി ബ്രേക്ക്’ (Gefahrenbremsung) ഇട്ടെങ്കിലും ട്രെയിൻ വേഗതയിലായിരുന്നതിനാൽ ഇടിക്കുന്നത് ഒഴിവാക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഫാ. ജിജു തനിയെ പാളത്തിലേക്ക് വീണതാണെന്നാണ് പൊലീസിന്റെ നിഗമനം. എങ്കിലും ഏത് സാഹചര്യത്തിലാണ്ഫാ. ജിജു പാളത്തിലേക്ക് വീണത് എന്നതിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
∙ സ്നേഹനിധിയായ വൈദികൻ
സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജർമനിയിലെ മലയാളി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ ചേർത്തുപിടിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് വലിയ നോവായി മാറി. ജർമ്മൻ ഭാഷാ പഠനം പൂർത്തിയാക്കി സഭാനടപടികളിൽ സജീവമാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം.
∙ ജീവിതരേഖയും സേവനങ്ങളും
സഭ: ഷോൺസ്റ്റാറ്റ് പാറ്റേഴ്സ് (Schoenstatt Patres) അംഗം.
പൗരോഹിത്യം: കേരളത്തിലെയും കർണാടകയിലെയും പഠനത്തിന് ശേഷം 2008 ഒക്ടോബർ 25-ന് വൈദികനായി അഭിഷിക്തനായി.
സേവനങ്ങൾ: കേരളത്തിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം ഷോൺസ്റ്റാറ്റ് വൈദികരുടെ കീഴിലുള്ള 'ജീവാമൃത ബോയ്സ് ഹോമിൽ' നാല് വർഷത്തോളം സേവനമനുഷ്ഠിച്ചു. നിർധനരായ കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
മലയാളം ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ‘മേരിമാതാ ഷോൺസ്റ്റാറ്റ് അക്കാദമി’യിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 2018 മുതൽ 2023 വരെ സെമിനാരി റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 21നാണ് ഫാ. ജിജു ജർമനിയിൽ എത്തിയത്. ബോണിൽ നിന്ന് ജർമ്മൻ ഭാഷാ പഠനം ആരംഭിച്ച് സി വൺ (C1) ലെവൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മ്യൂണിക്കിലെ സെൻറ് ലൈം (Laim) ഇടവകയിലെ പാസ്റ്ററൽ ടീമിൽ പാർട്ട് ടൈം ജോലി ചെയ്യവെയാണ് അപകടം സംഭവിച്ചത്.
∙ കുടുംബം
കൊല്ലക്കോട് കിലുക്കൻ പരേതനായ കെ. വി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനാണ് ഫാ. ജിജു. സഹോദരങ്ങൾ: വിജി ജോയി, ബിജു കിലുക്കൻ (ഇരട്ട സഹോദരൻ), സിസ്റ്റർ ബിന്ദു കിലുക്കൻ (എഫ്.എച്ച്.ജി.എസ്). അച്ചന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾജർമനിയിലെ ഇന്ത്യൻ എംബസിയുടെയും മ്യൂണിക്ക് കോൺസുലേറ്റിന്റെയും സഭാധികൃതരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.



0 Comments