പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ വിതരണത്തിൽ കൗതുകകരമായ വഴിത്തിരിവ്. അശുഭ നമ്പർ എന്ന പേരിൽ പലരും മടിച്ചിരുന്ന 13-ാം നമ്പർ കാർ തനിക്ക് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി രംഗത്തെത്തി. പുതിയ സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആർക്കും തന്നെ 13-ാം നമ്പർ കാർ വേണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നമ്പർ തന്നെ തനിക്ക് വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
ടൂറിസം വകുപ്പാണ് മന്ത്രിമാർക്കുള്ള ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കുന്നത്. കീഴ്‌വഴക്കമനുസരിച്ച് മുൻ സർക്കാർ ഉപയോഗിച്ചിരുന്ന കാറുകൾ പുതിയ മന്ത്രിമാർക്കായി ഒരുക്കി നൽകുകയാണ് പതിവ്. എന്നാൽ, 13 അശുഭ നമ്പറാണെന്ന അന്ധവിശ്വാസത്തെ തുടർന്ന് മുൻപ് പല യുഡിഎഫ് സർക്കാരുകളിലെയും മന്ത്രിമാർ ഈ നമ്പർ ഒഴിവാക്കിയിരുന്നു. മുൻപുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിലും ആരും തന്നെ 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല.
യുഡിഎഫ് മന്ത്രിമാർ പലപ്പോഴും കൈയൊഴിഞ്ഞ 13-ാം നമ്പറിനെ മുൻപ് ഇടതുപക്ഷ മന്ത്രിമാർ പലരും ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പ്രശസ്ത നേതാവ് എം.എ. ബേബിയാണ് ആദ്യമായി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ആണ് അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ച് ഈ നമ്പർ കാർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന പി. പ്രസാദ് ആയിരുന്നു 13-ാം നമ്പർ സംസ്ഥാന കാർ ഉപയോഗിച്ചിരുന്നത്.


0 Comments