രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ1975 എസ്.എസ്.എൽ.സി ബാച്ച് സംഗമം ശ്രദ്ധേയമായി.
അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് വിദ്യാലയത്തിൻ്റെ പടികൾ ഇറങ്ങിയവർ, നര വീണ മുടിയും വിടർന്ന ചിരിയുമായി വീണ്ടും ഒത്തുചേർന്നു.
സ്കൂളിലെ 1975-ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് 'ഓർമ്മക്കൂട്ട്' എന്ന പേരിൽ പുനസ്സംഗമം നടത്തിയത്.
നീണ്ട 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന സംഗമത്തിൽ പങ്കെടുക്കാൻ വിവിധ നാടുകളിൽ നിന്നും പ്രവാസലോകത്ത് നിന്നും സഹപാഠികൾ എത്തിച്ചേർന്നു. പഴയ ക്ലാസ്സ് മുറികളും കളിസ്ഥലവും സന്ദർശിച്ച ഇവർ ബാല്യകാല സ്മരണകൾ പങ്ക് വച്ചു. തങ്ങളുടെ അകക്കണ്ണുകൾ തെളിയിച്ച മിക്ക അദ്ധ്യാപകരും ഇന്ന് സ്വർഗ്ഗീയവാസികളാണ്. അവരുടെ ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ സ്മരണാജ്ഞലി അർപ്പിച്ചു. വേർപിരിഞ്ഞുപോയ സഹപാഠികൾ ക്ക് അനുശോചനം രേഖപ്പെടുത്തി.
യമനിൽ വച്ച് ഭീകരരുടെ കസ്റ്റഡിയിൽ ഏറെക്കാലം കഴിഞ്ഞ് മോചിതനായ ഫാ. ടോം ഉഴുന്നാലി ഉൾപ്പെടെ 5 വൈദികർ ഈ ബാച്ചിൽ ഉണ്ട്.
പഴയകാല ഗാനങ്ങളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് പരിപാടി വർണ്ണാഭമാക്കി.
സംഘാടക സമിതി കൺവീനർ പയസ് വാണിയപ്പുര അധ്യക്ഷത വഹിച്ച യോഗത്തിൽ സഹപാഠികളായ കപ്ളാമറ്റം ഫൊറോനാ പള്ളി വികാരി ഫാ.ജോസ് മുളഞ്ഞനാലും കൊഴുവനാൽ ഫൊറോനാ വികാരി ഫാ.ജോസ് നെല്ലിയ്ക്കതെരുവിൽ എന്നിവർ ഓർമ്മചെപ്പ് തുറന്ന് സംസാരിച്ചു. വരും വർഷങ്ങളിലും ഇത്തരം ഒത്തുചേരലുകൾ തുടരാനും അവശത അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കാൻ ഒരു ക്ഷേമനിധി രൂപീകരിക്കാനും ചടങ്ങിൽ തീരുമാനമായി.
സ്നേഹവിരുന്നിന് ശേഷം വൈകുന്നേരത്തോടെയാണ് വികാരനിർഭരമായ യാത്രയയപ്പോടെ 'ഓർമ്മക്കൂട്ട്' സമാപിച്ചത്.



0 Comments