ദൈവഹിതപ്രകാരം ജീവിക്കുവാൻ പരിശുദ്ധ അമ്മയെ മാതൃകയാക്കുക; മാർ ജോസഫ് സ്രാമ്പിക്കൽ...ഭക്തിസാന്ദ്രമായി എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം



വി. സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക്, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ്  ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തിയ ഒൻപതാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഭക്തിസാന്ദ്രമായി.2026 മെയ് 23 ശനിയാഴ്ച, രാവിലെ 11 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തിയതോടുകൂടി  തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കുരിശ് വെഞ്ചരിപ്പും വിവിധ മിഷനുകളിൽ നിന്നും എത്തിച്ച നേർച്ചകളുടെ സ്വീകരണവും നടന്നു. തുടർന്ന് 11.30 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെ  കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ ജപമാലപ്രദക്ഷിണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം, എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ വൈദികർ,  രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വൈദികർ, വിമൻസ് ഫോറം അംഗങ്ങൾ, നിരവധിയായ മരിയഭക്തർ തുടങ്ങിയവർ ജപമാലപ്രദക്ഷിണത്തിന്റെ ഭാഗമായി. ഉച്ചക്ക് 1.15 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി മുത്തുകുടകളുടെ അകമ്പടിയോടുകൂടി  ആരംഭിച്ച പ്രദക്ഷിണത്തിൽ  കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും,  അൾത്താരബാലന്മാരും, കാർമ്മികരായി എത്തിയ രൂപതയിലെ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. 


തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാർക്കുവേണ്ടി പ്രത്യേകപ്രാർത്ഥനയും പ്രസുദേന്തി വാഴ്ചയും നടന്നു. എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. മൈക്കിൾ കോക്‌സ്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ഷിനോജ് കളരിക്കൽ എന്നിവർ തീർത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഫാ. മാത്യു പിണക്കാട്ട് , റവ. ഫാ. ഷിനോജ് കളരിക്കൽ, എയ്‌ൽസ്‌ഫോർഡ് മിഷൻ ട്രസ്റ്റിമാരായ ഷിജു ആന്റണി, സുമിൻ സണ്ണി എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു. തുടർന്ന് 1 .30 ന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക്‌ മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.ദൈവഹിതത്തിന് 'അതെ' എന്ന് മറുപടി നൽകിയ പരിശുദ്ധ അമ്മയുടെ ജീവിതം ക്രൈസ്തവരായ നമുക്കേവർക്കും ദൈവഹിതപ്രകാരം ജീവിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണ്. കുറവുകളെ നിറവുകളാക്കിയ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു. പാപക്കറകളില്ലാതെ, ദൈവിക ചൈതന്യത്തിൽ ജീവിച്ച അമ്മയെപ്പോലെ, വിശുദ്ധിയിലും ദൈവകൃപയിലും ജീവിക്കാൻ അഭിവന്ദ്യ പിതാവ് തന്റെ തിരുനാൾ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.  വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടന്നു. 


ലണ്ടൻ, കാന്റർബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്‌സ് പ്രദക്ഷിണത്തിനു നേതൃത്വം നൽകി. വിശ്വാസികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദക്ഷിണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീർത്ഥാടകർക്ക് സമ്മാനിച്ചത്.  പ്രദക്ഷിണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കൽക്കുരിശിന് മുന്നിൽ സ്ലീവാവന്ദനവും തുടർന്ന്  ഫ്ളോസ് കാർമലി' പ്രദക്ഷിണവും നടന്നു. ഓപ്പൺ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകൾക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതർ നീങ്ങിയപ്പോൾ കാർമ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയർന്ന പ്രാർത്ഥനകളിൽ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു. റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദക്ഷിണത്തിനു ശേഷം വിതരണം ചെയ്തു. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റെലിക് ചാപ്പലിലും മറ്റു ചാപ്പലുകളിലും പ്രാർത്ഥനയ്ക്കും സന്ദർശനത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുമ്പസാരിക്കുന്നതിനും,  നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്‌എംവൈഎം, ക്യാറ്റക്കിസം എന്നിവയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു  ഭക്ഷണശാലയും, ഭക്തസാധനങ്ങളുടെ സ്റ്റാളും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. എയ്‌ൽസ്‌ഫോർഡിലെ അനുഗ്രഹാരാമത്തിൽ കർമ്മലനാഥയുടെ  സംരക്ഷണം തേടിയെത്തിയവർ സവിശേഷമായ കൃപാദാനങ്ങൾ ഹൃദയങ്ങളിൽ സ്വീകരിച്ചു മടങ്ങുന്ന അനുഗ്രഹനിമിഷങ്ങൾക്കാണ് എയ്‌ൽസ്‌ഫോർഡ് സാക്ഷ്യം വഹിച്ചത്. ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ, കൂടാതെ ജില്ലിങ്‌ഹാം, സൗത്ബോറോ മിഷൻ വോളണ്ടിയേഴ്‌സ്, ലണ്ടൻ, കാന്റർബറി റീജിയനിൽ നിന്നുള്ള ഇടവക/മിഷൻ ട്രസ്ടിമാർ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി. എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം അനുഗ്രഹപ്രദവും മനോഹരവുമാക്കാൻ യത്നിച്ച ഏവർക്കും പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ നന്ദി അറിയിച്ചു. പത്താമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം അടുത്ത വർഷം മെയ് 29  ശനിയാഴ്ച ആയിരിക്കുമെന്ന് കോർഡിനേറ്റേഴ്‌സ് അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments