പാലാക്കാര്‍ വിഷമിക്കേണ്ട, കാപ്പന്‍ മന്ത്രിയാകും



പാലാക്കാര്‍ വിഷമിക്കേണ്ട, കാപ്പന്‍ മന്ത്രിയാകും

നിയാസ് മുസ്തഫ

 നിയുക്ത പാലാ എം.എല്‍.എ മാണി സി.കാപ്പന്‍ രണ്ടാം ടേമില്‍ അനൂപ് ജേക്കബിനു പിന്നാലെ മന്ത്രിയാകുമെന്ന് ഉറപ്പിക്കാം. മന്ത്രിപദവി സംബന്ധിച്ച് ടേം വ്യവസ്ഥയുണ്ടെന്ന് മാണി സി.കാപ്പന്‍ തന്നെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ടേം വ്യവസ്ഥയെ കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനോ, യു.ഡി.എഫ് നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ല.  
പാലാ മണ്ഡലത്തില്‍ ഹാട്രിക് വിജയവുമായി നില്‍ക്കുന്ന കാപ്പന് മന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇത്തവണ കാപ്പന്‍ മന്ത്രിയാകുമെന്ന് പാലാക്കാര്‍ ഉറപ്പിക്കുകയും ചെയ്തതാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലായില്‍ എത്തിയപ്പോള്‍ കാപ്പന്‍ അങ്ങോട്ട് പോകുന്ന വാഹനത്തിലല്ല, ഇങ്ങോട്ട് വരുന്നതെന്നും കൊടിവച്ച കാറിലായിരിക്കുമെന്നും വി.ഡി. സതീശന്‍ പ്രസംഗിച്ചിരുന്നു. പാലായ്ക്ക് വലിയൊരു സമ്മാനം കാത്തിരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. പാലായില്‍ വിജയിച്ചാല്‍ കാപ്പന്‍ മന്ത്രിയാകുമെന്ന് പ്രചരിച്ചതോടെ ആ നിലയ്ക്ക് കൂടുതല്‍ വോട്ടുകള്‍ മാണി സി.കാപ്പനു ലഭിച്ചിട്ടുമുണ്ട്. 
 അനൂപ് ജേക്കബ് മന്ത്രിയായിരിക്കുമ്പോള്‍ കാബിനറ്റ് പദവിയോടെയുള്ള ഒരു സ്ഥാനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കാപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 


ആ പദവിയേതെന്ന് അറിയില്ലെങ്കിലും അത്തരമൊരു പദവി വാഗ്ദാനം ചെയ്തതായി മാണി സി.കാപ്പന്‍ അവകാശപ്പെടുന്നു. കാപ്പന്‍ മന്ത്രിയാകുമ്പോള്‍ ആ സ്ഥാനം അനൂപിലേക്കും പോകും.
 കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പാലായുടെ വികസനം തടസപ്പെടുത്തുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് സമയത്തും അതിനുമുമ്പും യു.ഡി.എഫ് ക്യാമ്പും മാണി സി.കാപ്പനും ആരോപിച്ചിരുന്നു. ഇനി ഇത്തരത്തിലുള്ള യാതൊരു തടസങ്ങളും ഇല്ലാതെ മാണി സി.കാപ്പന് പ്രവര്‍ത്തിക്കാം. 
അതേസമയം, തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാന്‍ ഒരു യു.ഡി.എഫ് നേതാവ് പ്രവര്‍ത്തിച്ചുവെന്ന തരത്തില്‍ മാണി സി.കാപ്പന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് കാപ്പന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതാരാണെന്നുള്ള ചര്‍ച്ചയും പാലായില്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ തന്നെ പ്രമുഖ ഘടകക്ഷി നേതാവിനെ ചുറ്റിപ്പറ്റിയാണ് സംശയം ഉയരുന്നത്. 
ഈ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാവുമെന്നും ഇനി മത്സരരംഗത്തുണ്ടാവില്ലായെന്നും പ്രഖ്യാപിച്ചാണ് കാപ്പന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന ടേമില്‍ മന്ത്രികൂടിയായാല്‍ പാര്‍ലമെന്ററി രംഗത്തുനിന്ന് കാപ്പന് നല്ലൊരു വിടവാങ്ങല്‍ കൂടിയാവുമത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments