കുവൈറ്റിൽ ചിത്രീകരിച്ച “നീയും ഞാനും” പ്രണയ ആൽബം റിലീസ് ചെയ്തു



 വട്ടിയൂർകാവ് കൃഷ്ണകുമാറിന്റെ രചനയിലും നിർമ്മാണത്തിലും കുവൈറ്റിന്റെ മനോഹരമായ പശ്ചാത്തലങ്ങളിൽ ചിത്രീകരിച്ച “നീയും ഞാനും” എന്ന പ്രണയ ആൽബം പ്രകാശനം ചെയ്തു. റഷീദ് ഇബ്രാഹിം സംവിധാനം ചെയ്ത ആൽബത്തിന്റെ പ്രകാശന കർമ്മം അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കെകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ആൽബത്തിന്റെ പ്രകാശന ചടങ്ങിൽ വട്ടിയൂർകാവ് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. 


സംവിധായകൻ റഷീദ് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.  പ്രവാസ ഭൂമിയിലെ കലാസൃഷ്ടികൾക്ക് ലഭിക്കുന്ന സ്വീകാര്യതയെ അഭിനന്ദിച്ച അദ്ദേഹം, ഇത്തരം സർഗ്ഗാത്മക ശ്രമങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. സിനിമാ-സാമൂഹ്യ പ്രവർത്തകൻ സാബു സൂര്യചിത്ര ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.  ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഛായാഗ്രഹണം: രതീഷ് സി.വി. അമ്മാസ്, സംഗീത സംവിധാനവും ആലാപനവും: ബോണി കുര്യൻ, എഡിറ്റിംഗ്: ബിജു ഭദ്ര, അഭിനേത്രി: ബിൻസി, അന്ന, ഗായിക: അംബിക രാജേഷ്, സൗണ്ട് എൻജിനീയറിംഗ്: മുഹമ്മദ് സാലി ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഹരി മേലില, മസർ, മനോജ്‌ കപ്പാട്, ഡാർവിൻ പിറവം, ജിനു വൈക്കത്ത്, അൽ നഹീൽ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ വിജിത് നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 


കലയും സംസ്കാരവും അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന ശക്തിയാണെന്നും, പ്രവാസി മലയാളികളുടെ ഇത്തരം കലാപ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.  പ്രണയത്തിന്റെ നന്മയും ജീവിതത്തിലെ മനോഹര നിമിഷങ്ങളും കോർത്തിണക്കി ദൃശ്യഭംഗിയോടെ ഒരുക്കിയിരിക്കുന്ന “നീയും ഞാനും” ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ബിൻസി അന്ന നന്ദി പ്രകാശിപ്പിച്ച ചടങ്ങിന്റെ നിയന്ത്രണം ചിന്നു സത്യൻ, ലിബിൻ, സുബിൻ എന്നിവർ ചേർന്നാണ് നിർവ്വഹിച്ചത്. കുവൈറ്റിലെ സിനിമാ-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments