പാലാ വെള്ളാപ്പാട് ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് മതിലില്‍ നിന്നും കല്ലുതെറിച്ച് രണ്ടു വയസ്സുകാരിക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറെ പാലാ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു ..... മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ്സ് .....വാഹനം കരൂര്‍ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിന് വേണ്ടി ഓടുന്നത്.
വാഹനം കസ്റ്റഡിയിലെടുക്കുകയും ഓടിച്ചിരുന്ന പാലാ വെള്ളാപ്പാട് സ്വദേശി പ്രകാശന്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ വീതി കുറഞ്ഞ റോഡിലൂടെ പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നിന്നിരുന്നയാളെ ഇടിച്ചുതെറിപ്പിക്കുകയും തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലിടിച്ചു തകര്‍ത്ത് നില്‍ക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന മതിലില്‍ നിന്നും തെറിച്ച കല്ല് വീടിനുള്ളിലിരുന്ന കുഞ്ഞിന്റെ ദേഹത്ത് പതിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അപകടനില തരണം ചെയ്ത കുഞ്ഞിനെ ഇന്നലെ വൈകുന്നേരത്തോടെ ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റി. പാലായിലെ വ്യാപാരിയായ സുനില്‍ പയ്യപ്പള്ളിയുടെ പിതാവിനെയാണ് ആദ്യം കാറിടിച്ചുതെറിപ്പിച്ചത്. എന്നാല്‍ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
തല്‍ക്കാലം മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ് എടുത്തിട്ടുള്ളതെങ്കിലും അപകടത്തില്‍ കുട്ടിക്കുണ്ടായ പരിക്കുംമറ്റും കണക്കിലെടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തേക്കുമെന്നും പൊലീസ് സൂചന നല്‍കി.


0 Comments