നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തു. കടുത്തുരുത്തിയില്‍ നിന്ന് മികച്ച വിജയം നേടിയ മോന്‍സിനെ, ഫലം വന്ന ദിവസം രാത്രി പുറപ്പുഴയിലെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗമാണ് ഐകകണ്‌ഠേന തെരഞ്ഞെടുത്തത്
വിജയിച്ച മുഴുവന്‍ എംഎല്‍എമാരും ഫലപ്രഖ്യാപനത്തിന് പിന്നാലെ പുറപ്പുഴയിലെത്തി ചെയര്‍മാനെ സന്ദര്‍ശിച്ചിരുന്നു. മോന്‍സ് ജോസഫിനെ നേതാവായി തെരഞ്ഞെടുത്ത വിവരം സംസ്ഥാന കോര്‍ഡിനേറ്ററും നിയുക്ത തൊടുപുഴ എംഎല്‍എയുമായ അപു ജോണ്‍ ജോസഫാണ് മാധ്യമങ്ങളെ അറിയിച്ചത്.
മത്സരിച്ച എട്ടില്‍ ഏഴ് സീറ്റുകളിലും വിജയിച്ച സാഹചര്യത്തില്‍ യുഡിഎഫ് മന്ത്രിസഭയില്‍ രണ്ട് മന്ത്രിസ്ഥാനങ്ങളും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാനാണ് പാര്‍ട്ടിയുടെ നീക്കം. മുന്‍പ് ഇതേ അംഗബലമുണ്ടായിരുന്ന സമയത്ത് രണ്ട് മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ മുന്നണി താല്‍പ്പര്യം പരിഗണിച്ച് കോണ്‍ഗ്രസിന് വിട്ടുകൊടുത്തതും ഇത്തവണത്തെ വിലപേശല്‍ കരുത്ത് വര്‍ധിപ്പിക്കുന്നു. ആറ് സീറ്റിലധികം വിജയിച്ചാല്‍ രണ്ട് മന്ത്രിസ്ഥാനം നല്‍കാമെന്ന് യുഡിഎഫ് നേതൃത്വം നേരത്തെ സൂചന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ മോന്‍സ് ജോസഫിനും അപു ജോണ്‍ ജോസഫിനും പ്രഥമ പരിഗണന ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രി പദം സംബന്ധിച്ച തീരുമാനങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അപു ജോണ്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല, ഇരിങ്ങാലക്കുട, കോതമംഗലം സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിജയിച്ചത്.


0 Comments