കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു.
രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണം. പരാതികള്‍ അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ശ്രദ്ധിക്കണം.
ഫീല്‍ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തലില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ടച്ചിംഗ് വെട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ഈ ജോലി നടക്കുന്നില്ലെന്നും ചിലയിടങ്ങളില്‍ ആവശ്യമുള്ളതില്‍ അധികം മരക്കൊമ്പുകള്‍ മുറിക്കുന്നുണ്ടെന്നും ജനങ്ങള്‍ പറയുന്നു.
പുതുപ്പളളി നിയോജകമണ്ഡലത്തില്‍ പുതുപ്പളളിക്കും മണര്‍കാടിനും ഇടയില്‍ പുതിയ സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മണ്ണുപരിശോധനയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകുമെന്നും സബ്സ്റ്റേഷന്റെ ഡിസൈന്‍ സംബന്ധിച്ച് അന്തിമതീരുമാനമായാല്‍ മുന്നോട്ടുപോകാനാകുമെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കിടങ്ങറ സബ് സ്റ്റേഷന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും ട്രാന്‍സ്ഫോര്‍മര്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാടശേഖരങ്ങള്‍ നിറഞ്ഞ കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, തിരുവാര്‍പ്പ് മേഖലകളിലും, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല്‍ സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സാങ്കേതികതടസങ്ങള്‍ പരിഹരിച്ച് വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കുട്ടനാട് മേഖലയില്‍ വഴിയോരക്കച്ചവടക്കാര്‍ക്കും വഴിയോരത്ത് താമസിക്കുന്നവര്‍ക്കും ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഇതിന് പരിഹാരമുണ്ടാകണം. അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി തകരാര്‍ സംഭവിച്ച ഭൂഗര്‍ഭ വൈദ്യുത കേബിളുകളുടെ അറ്റകുറ്റപണി അടിയന്തരമായി നടത്തണം. കോട്ടയം ജില്ലാ പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് പണം നല്‍കിയിട്ടുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. പൂര്‍ത്തിയായ പദ്ധതികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും നടപടി വേണം-യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ അഡ്വ. ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, പ്രൊഫ. റോണി കെ. ബേബി, റെജി ചെറിയാന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്റെ പ്രതിനിധി അഡ്വ. കെ. ഉമേശന്‍, കെ.എസ്.ഇ.ബി. സൗത്ത് സോണ്‍ ചീഫ് എന്‍ജിനീയര്‍ ആര്‍.ആര്‍.ബിജു, സെന്‍ട്രല്‍ സോണ്‍ ചീഫ് എന്‍ജിനീയര്‍ കെ. ദിനേഷ്, കെ.എസ്.ഇ.ബിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
70 12 23 03 34

.jpg)


0 Comments