സുനില്‍ പാലാ
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍, മായാ രാഹുലിന് സാധ്യതയേറി, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ് എന്നിവരെ പരിഗണിക്കും.
പാലാ: നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 20 ദിവസത്തിനുള്ളില്‍ നടക്കും. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചേക്കും. ഇതിനിടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മായാ രാഹുലിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. പ്രതിപക്ഷമായ ഇടതുമുന്നണിയുടെയും കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നാല് കണ്‍സിലര്‍മാരുടെയും പിന്തുണ മായാ രാഹുലിനാണ്. ഇതേ സമയം ഒരു ടേമില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസില്‍ നിന്നും പുറത്തായ ലിസിക്കുട്ടി മാത്യുവിനും കൊടുക്കണമെന്ന നിര്‍ദ്ദേശം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതും പരിഗണിച്ചേക്കും.
പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ്, രജിത പ്രകാശ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ അടുത്ത ദിവസം നടക്കും. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച 17 പേരും ഒരു കൂട്ടായ്മയായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്.
സുസ്ഥിരമായൊരു ഭരണത്തിനായി പിന്തുണ നല്‍കുമെങ്കിലും നേരിട്ട് ഭരണരംഗത്തേക്ക് കടക്കാനില്ലെന്ന നയം പ്രതിപക്ഷ നേതാവ് ബിജു പാലുപടവില്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി എടുത്ത നടപടികള്‍ ശിരസ്സാവഹിക്കുന്നു - ടോണി തൈപ്പറമ്പില്‍
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്റെ പേരില്‍ തനിക്കും മൂന്ന് കൗണ്‍സിലര്‍മാര്‍ക്കുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി ശിരസ്സാവഹിക്കുമെന്ന് നഗരസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന ടോണി തൈപ്പറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ തന്നെ ഇനിയും ഉറച്ചുനില്‍ക്കും. തന്നെയും ഒപ്പമുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെയും ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെന്നും ടോണി തൈപ്പറമ്പില്‍ പറയുന്നു.



0 Comments