തിരുവാർപ്പ് സ്വാമിയാർ മഠത്തിൽ കർക്കിടക ഔഷധസേവയും വിതരണവും നടന്നു.
കർക്കിടക മാസത്തിലെ വിശേഷാൽ ചടങ്ങുകളുടെ ഭാഗമായി പത്മപാദ പരമ്പരയിലെ ചരിത്രപ്രസിദ്ധമായ തിരുവാർപ്പ് സ്വാമിയാർ മഠത്തിൽ വിശേഷാൽ ഔഷധസേവയും വിതരണവും ഇന്ന് (കർക്കിടകം 16, ഓഗസ്റ്റ് 1 ശനി) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.
ആയുർവേദ വിധിപ്രകാരവും ആത്മീയ ചടങ്ങുകളോടെയും തയ്യാറാക്കിയ ഔഷധസേവ നരസിംഹസ്വാമിയുടെ തിരുമുമ്പിൽ വെച്ചാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തത്.ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും രോഗപ്രതിരോധശേഷിയും ഊർജ്ജവും വീണ്ടെടുക്കാനും സഹായിക്കുന്ന ഔഷധസേവയ്ക്കായി കൊടുവേലിക്കിഴങ്ങ് ഉൾപ്പെടെയുള്ള അമൂല്യ ഔഷധങ്ങൾ പ്രത്യേക വിധിപ്രകാരം തലേദിവസം തന്നെ ശുദ്ധീകരിച്ചിരുന്നു.
ഇന്ന് പുലർച്ചെ ആചാര്യന്മാരുടെയും വേദപണ്ഡിതന്മാരുടെയും നേതൃത്വത്തിൽ ഔഷധസൂക്ത മന്ത്രജപവും വേദമന്ത്ര അർച്ചനയും നടന്നു. തുടർന്ന് പശുവിൻ നെയ്യ്, വെണ്ണ എന്നിവയിൽ ചാലിച്ച ഔഷധക്കൂട്ട് നരസിംഹസ്വാമിക്ക് നിവേദിച്ച ശേഷമാണ് ഭക്തർക്ക് നൽകിയത്.
പുലർച്ചെ കുളിച്ച് വെറുംവയറ്റിലെത്തിയ ഭക്തർ നരസിംഹ സ്വാമിയുടെ മുൻപിൽ വടക്ക് ദർശനമായിരുന്ന്, ആചാര്യന്മാർ ചൊല്ലിക്കൊടുക്കുന്ന ധന്വന്തരി മന്ത്രം ഏറ്റുചൊല്ലി അരയാലിലയിലാണ് പ്രസാദ മരുന്ന് സ്വീകരിച്ച് കഴിച്ചത്. വാതദോഷ ശമനത്തിനായി ആയുർവേദ തൈലങ്ങൾ തേച്ചുള്ള കുളിയും ഈ ദിനത്തിൽ അനുഷ്ഠിച്ചു.
ചടങ്ങുകൾക്ക് മഠം മാനേജർ ഹരിഹരയ്യർ, ഇളങ്ങല്ലൂർ ശ്രീനാഥ് നമ്പൂതിരി, കാഞ്ഞിരക്കാട്ട് മഠം മനു സുബ്രഹ്മണ്യ ശർമ്മ, ശ്രീകാന്ത് ശർമ്മ, രാജു സ്വാമി എന്നിവർ കാർമ്മികത്വം വഹിച്ചു. തിരുവാർപ്പ് ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ധന്വന്തരി ഹോമവും നടന്നു. കോട്ടയത്തും പരിസരത്തുനിന്നുമായി നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കാളികളായി രോഗമുക്തിയും ഭഗവത് അനുഗ്രഹവും തേടി.
70 12 23 03 34
.jpeg)


.jpg)


0 Comments