തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും മാഞ്ഞുപോകുന്ന ബില്ലും നൽകിയ വസ്ത്ര വ്യാപാര സ്ഥാപനം 31,500/- രൂപ നഷ്ട്ട പരിഹാരം നൽകണം


തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും മാഞ്ഞുപോകുന്ന ബില്ലും നൽകിയ വസ്ത്ര വ്യാപാര സ്ഥാപനം 31,500/- രൂപ നഷ്ട്ട പരിഹാരം നൽകണം

 വൻ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയും പിന്നീട് നിബന്ധനകളുടെ പേരിൽ നൽകാതിരിക്കുന്നത് ആധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.  വസ്ത്രവ്യാപാര സ്ഥാപനമായ കല്യാൺ സിൽക്‌സിനെതിരെ ഇടപ്പള്ളി സ്വദേശി പി വി വേണുഗോപാല പിള്ള നൽകിയ പരാതിയിലാണ്  ഉത്തരവ്.

3,000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യം ലഭിക്കുമെന്ന പത്രപ്പരസ്യം കണ്ടാണ് പരാതിക്കാരൻ വ്യാപാര സ്ഥാപനം സന്ദർശിച്ചത്. എന്നാൽ, 4,055 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങിയ ശേഷം, 500 രൂപയുടെ 3 കൂപ്പണുകളാണ് നൽകുന്നതെന്നും, അവ അടുത്ത മാസങ്ങളിൽ കൂടുതൽ തുകയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ മാത്രമേ മാറാൻ കഴിയൂ എന്നും വ്യക്തമാക്കിയത്. ഈ നിബന്ധനകൾ വളരെ ചെറിയ അക്ഷരത്തിലാണ് പരസ്യത്തിൽ നൽകിയിരുന്നത്. കൂടാതെ, പരാതിക്കാരന് നൽകിയ പ്രിന്റഡ് ബില്ലിലെ അക്ഷരങ്ങൾ ഏതാനും മാസങ്ങൾക്കകം പൂർണ്ണമായി മാഞ്ഞുപോവുകയും ചെയ്തു. 


പ്രധാന വാഗ്ദാനം വലുതായി കാണിക്കുകയും അതിനെ ബാധിക്കുന്ന കടുത്ത നിബന്ധനകൾ സാധാരണക്കാർക്ക് വായിക്കാൻ കഴിയാത്ത ചെറിയ അക്ഷരങ്ങളിൽ ഒതുക്കുകയും ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായമായ വ്യാപാര രീതിയുമാണ് (Unfair Trade Practice)

തെർമൽ പേപ്പറിൽ നൽകുന്ന പ്രിന്റഡ് ബില്ലുകൾ വേഗത്തിൽ മാഞ്ഞുപോകുന്നത് ഉപഭോക്തൃ സേവനത്തിലെ വീഴ്ചയാണ്. ഗ്യാരണ്ടി, വാറന്റി, ടാക്സ് ആവശ്യങ്ങൾക്ക് ബില്ലുകൾ ആവശ്യമായതിനാൽ, ദീർഘകാലം നിലനിൽക്കുന്ന ബില്ലുകൾ നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണെന്ന് ഡി. ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.


​പരാതിക്കാരന് വാഗ്ദാനം ചെയ്ത ആനുകൂല്യത്തിന് തുല്യമായ ₹1,500 തിരികെ നൽകണം. കൂടാതെ, പരാതിക്കാരന് ഉണ്ടായ മാനസിക വിഷമങ്ങൾക്കും സേവനത്തിലെ വീഴ്ചയ്ക്കും നഷ്ടപരിഹാരമായി ₹25,000  രൂപയും, ​കോടതി ചെലവുകളിലേക്ക് ₹5,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

​ഭാവിയിലെ പരസ്യങ്ങളിൽ പ്രധാന ആനുകൂല്യത്തിനൊപ്പം തന്നെ നിബന്ധനകളും വ്യക്തവും വായിക്കാവുന്നതുമായ വലിപ്പത്തിൽ പ്രസിദ്ധീകരിക്കണം.
​ഉപഭോക്താക്കൾക്ക് ദീർഘകാലം നിലനിൽക്കുന്ന ബില്ലുകൾ നൽകണമെന്നും ഉത്തരവിൽ കോടതി എതിർ കക്ഷികൾക്ക് നിർദേശം നൽകി




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments