ഇടുക്കി ജില്ലയില്‍ മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായിത്തീര്‍ന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്താന്‍ തീരുമാനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇതിനായി സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം നല്കി. ലഭ്യമായ റവന്യു ഭൂമി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. റവന്യു ഭൂമിയുടെ ലഭ്യത സംബന്ധിച്ച് പരിശോധന നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കും.
റോഡുകളും പാലങ്ങളും കലുങ്കുകളും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുംവരെ കാത്തിരിക്കാതെ, ആഘാതം കുറയ്ക്കാനുള്ള സുരക്ഷാ മുന്‍കരുതല്‍ അടിയന്തരമായി സ്വീകരിക്കണം. ഡാമുകളുടെ പൊതുവായ സ്ഥിതിയും റോഡുകളുടെ അപകടാവസ്ഥയും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും പുനരധിവാസവും അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ജില്ലയില്‍ 28 വില്ലേജുകള്‍ ദുരന്തബാധിതമാണ്. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 138 കുടുംബങ്ങളിലെ 326 പേരാണ് കഴിയുന്നത്. കനത്ത മഴയില്‍ 117 റോഡുകള്‍ തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 46 റോഡുകളും തദ്ദേശ വകുപ്പിന്റെ 71 റോഡുകളുമാണ് തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്ക് ഒന്‍പത് കോടിയുടെ നാശനഷ്ടവും തദ്ദേശ വകുപ്പിന്റേത് 74 ലക്ഷം രൂപയുടെ നഷ്ടവുമാണ് കണക്കാക്കുന്നത്. മഴക്കെടുതികളില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കും. മഴ മുന്നറിയിപ്പുകള്‍ അടിക്കടി മാറാമെന്നതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഉടന്‍തന്നെ എസ്റ്റിമേറ്റ് തയാറാക്കി കളക്ടര്‍ക്ക് നല്‍കണം. മൂന്നാര്‍ സിഎസ്ഐ പള്ളിക്ക് സമീപം അപകടാവസ്ഥയിലുള്ള മണ്‍തിട്ട നീക്കാനായി ദേശീയപാത, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥര്‍ ഉടന്‍ സംയുക്ത പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. മൂന്നാറിലെ പാലം അപ്രോച്ച് റോഡിന്റെ നിര്‍മാണം വേഗത്തില്‍ തീര്‍ക്കാന്‍ തദ്ദേശ, പൊതുമരാമത്ത് വകുപ്പുകള്‍ നടപടി സ്വീകരിക്കണം. പുല്ലുപാറ അമലഗിരി ഭാഗത്തെ റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും നടപടി സ്വീകരിക്കും.
ദേശീയപാതയുടെ ഭാഗമായ കെകെ റോഡിലെ മണ്ണിടിച്ചിലുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നും അതിന്റെ ചെലവ് തിരിച്ചുനല്‍കാമെന്നും ദേശീ യപാതാ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ ഉടന്‍തന്നെ എസ്റ്റിമേറ്റ് കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.വാഗമണ്ണില്‍ മണ്ണിടിയുന്ന ഭാഗത്തെ നാല് കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റിയിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്ക് ക്യാമ്പില്‍നിന്ന് തിരിച്ചുപോയി താമസിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അവര്‍ക്ക് ഭൂമിയും വീടും നല്കി പുനരധിവസിപ്പിക്കുന്നതില്‍ തദ്ദേശവകുപ്പിനോട് റിപ്പോര്‍ട്ട് തേടി. തൊടുപുഴ പന്നിമറ്റത്ത് മണ്‍ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള രണ്ടു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി കളക്ടറോടു നിര്‍ദേശിച്ചു.
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും ഇറിഗേഷന്‍ വകുപ്പും യോഗത്തില്‍ അറിയിച്ചു.
മലങ്കര ഡാമില്‍ നിലവില്‍ ജലനിരപ്പ് കുറയുകയാണ്. 40.56 മീറ്ററാണ് 12 വരെയുള്ള കണക്ക് പ്രകാരം ജലനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. നിലവില്‍ അഞ്ച് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. മുവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആര്ഡിഒയുമായും തഹസില്‍ദാറുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ യോഗം നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ ജലം കൊണ്ടുപോകുന്ന ആനവച്ചാല്‍ കനാല്‍ ഷട്ടര്‍ ഉയര്‍ത്താത്തതിനാല്‍ വെള്ളക്കെട്ടിനു സാധ്യതയുണ്ട്.
പരമാവധി ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനു കത്തു നല്‍കാമെന്ന് കളക്ടര്‍ അറിയിച്ചതോടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 70 ശതമാനം ആയിരുന്ന ജലനിരപ്പ് നിലവില്‍ 43 ശതമാനം മാത്രമാണ്. ഇടുക്കി ഡാമില്‍ വൈദ്യുതി ഉത്പാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമില്‍ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതെന്നും വിലയിരുത്തി. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് തുടങ്ങിയവരും ജില്ലയിലെ വകുപ്പുമേധാവികളും പങ്കെടുത്തു.
70 12 23 03 34

.jpg)



0 Comments