പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന മാധ്യമ കോലാഹലങ്ങള്‍ക്കും തരംഗമായ ചിത്രങ്ങള്‍ക്കും പിന്നിലെ കള്ളക്കഥ കേരള പൊലീസ് പൊളിച്ചടുക്കി.



  മുമ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പു കഥകളില്‍ ഒന്നായ ശബരിമലയിലെ ‘ചെമ്പോല’ വിവാദത്തേക്കാള്‍ വലിയ വ്യാജനിര്‍മ്മിതിയാണ് സുകുമാരക്കുറുപ്പിന്റെ ബ്രൂണെ കണക്ഷനെന്ന് വ്യക്തമായി. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിപ്പിക്കപ്പെട്ട വാർത്താ കോലാഹലങ്ങൾക്കും ഏതാണ്ട് വിരാമമായെന്ന് കരുതാം… 

 ദശകങ്ങളായി പൊലീസിനെയും ജനങ്ങളെയും ഒരുപോലെ കണ്ണുകെട്ടിച്ചുകളിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന മാധ്യമ കോലാഹലങ്ങള്‍ക്കും തരംഗമായ ചിത്രങ്ങള്‍ക്കും പിന്നിലെ കള്ളക്കഥ കേരള പൊലീസ് പൊളിച്ചടുക്കി.  
 
ചാനലുകളിലും സമൂഹമാധ്യമങ്ങളിലും സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ പ്രചരിച്ച ഫോട്ടോ തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.



 ഇതോടെ, പ്രവാസി നല്‍കിയ വിവരങ്ങളുടെ മറവില്‍ വ്യാജവാര്‍ത്താ നിര്‍മ്മാതാക്കള്‍ പണിതുയര്‍ത്തിയ സുകുമാരക്കുറുപ്പ് കൊട്ടാരത്തിനാണ് അന്ത്യമായത്. പ്രചരിച്ച ചിത്രങ്ങളും വിവരങ്ങളും കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പി ന്റേതല്ലെന്നും കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഉറപ്പിച്ചതായും സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ബിജോയ് തോമസ് മാധ്യമങ്ങളോട് തിരുവനന്തപുരത്ത് വിശദീകരിച്ചു.  

 ദാമോദര മേനോന്റെ കുടുംബാംഗങ്ങള്‍ ഫോട്ടോ കൃത്യമായി തിരിച്ചറിഞ്ഞതോടെ യാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ച റേറ്റിംഗ് നാടകങ്ങളുടെ സത്യാവസ്ഥ പുറത്തുവന്നത്. ഓണക്കാലത്ത് നാടൊട്ടുക്ക് വീണ്ടും ചര്‍ച്ചയാക്കി മാറ്റിയ സുകുമാരക്കുറുപ്പിന്റെ ‘പുതിയ ലൊക്കേഷന്‍’ വെറുമൊരു മാധ്യമ തട്ടിപ്പു മാത്രമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. 


 പൊതുസമൂഹത്തിലെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും പൂര്‍ണ്ണവിരാമമിട്ടു കൊണ്ട് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ബിജോയ് തോമസ് ബ്രൂണെയിലുള്ള ദാമോദര മേനോനുമായി ഫോണില്‍ നേരിട്ട് സംസാരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം താന്‍ കിടപ്പിലാണെന്നും തീവ്രമായ ചികിത്സയിലാണെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.


 ബ്രൂണെയിലെ ബിസിനസ് സംബന്ധമായ ചില നിയമ നടപടികൾ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അവ അവസാനിക്കുന്ന മുറയ്ക്ക് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ സ്ഥിരീകരിച്ചു.  വാര്‍ത്തകള്‍ കാട്ടുതീ പോലെ പ്രചരിച്ചതോടെ അന്വേഷണ സംഘം ഉടനടി തൃശൂരിലെ കരുമത്രയിലെത്തി ദാമോദര മേനോന്റെ കുടുംബ പശ്ചാത്തലം വിശദമായി പരിശോധിച്ചിരുന്നു. കരുമത്രയില്‍ ഇദ്ദേഹത്തിന്റെ പേരില്‍ പത്തു സെന്റ് ഭൂമിയും തറവാട്ടു വീടുമുണ്ടെന്ന് വില്ലേജ് ഓഫീസ് രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. റവന്യൂ രേഖകളും ആധാരങ്ങളും പൊലീസ് കൃത്യമായി ഒത്തുനോക്കി. കുടുംബാംഗങ്ങളും നാട്ടുകാരും നല്‍കിയ മൊഴികളും പഴയ ചിത്രങ്ങളും പരിശോധിച്ചാണ് പ്രചരിച്ചത് ദാമോദര മേനോന്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. 

 കഴിഞ്ഞ 42 വര്‍ഷമായി കേരള പൊലീസിനെ വലയ്ക്കുന്ന ചാക്കോ വധക്കേസിലെ ഒന്നാം പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വയോധികരെക്കുറിച്ച്‌ ഇടയ്ക്കിടെ ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. പ്രത്യേകിച്ച്‌ മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളില്‍ ചിലരാണ് ഉദ്യോഗസ്ഥ രെയും മാധ്യമങ്ങളെയും ഇത്തരം ‘വിശേഷങ്ങള്‍’ അറിയിക്കാറുള്ളത്. 


 ബ്രൂണെയിലെ ഒരു പ്രവാസി നല്‍കിയ വിശ്വസനീയമല്ലാത്ത പാസ്പോര്‍ട്ട് വിവരങ്ങളും ചിത്രങ്ങളും വച്ചാണ് കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങൾ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന മട്ടില്‍ വാഗ്ദോരണികളും ബ്രേക്കിങ് ന്യൂസുകളും നൽകി തരംഗമുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മിനിമം വസ്തുതാപരിശോധന പോലുമില്ലാതെ ഒരു സാധാരണ വയോധികന്റെ ചിത്രങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ചത് സാമാന്യ മര്യാദകള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാമോദര മേനോന്റെ കുടുംബം രോഷത്തോടെ പ്രതികരിച്ചു.. 
 വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്യുന്നതിനാല്‍ നാട്ടില്‍ വരാറില്ലെങ്കിലും തൃശൂരിലെ കുടുംബവുമായി നിരന്തരം ഫോണിലും വാട്സ്‌ആപ്പിലും ബന്ധപ്പെടുന്ന വ്യക്തിയാണ് ദാമോദര മേനോന്‍. ഭാര്യയും മക്കളും മലേഷ്യയിലാണെങ്കിലും സഹോദരി അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ഇപ്പോഴും തൃശൂര്‍ കരുമത്രയിലുണ്ട്.  

 സുകുമാരക്കുറുപ്പിന്റെ പേരില്‍ കഥ ചമച്ച്  വിവരങ്ങൾ മാധ്യമങ്ങള്‍ക്കും പൊലീസിനും കൈമാറിയ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച്‌ അന്വേഷണ ഏജന്‍സികള്‍ ആലോചിക്കുന്നുണ്ട്.  

 അതേസമയം, സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം നിറുത്തിവെച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു. എന്നാല്‍ ശാസ്ത്രീയ അടിത്തറയോ വ്യക്തമായ തെളിവുകളോ ഇല്ലാത്ത വാര്‍ത്തകളും പ്രചരണവും യഥാര്‍ത്ഥ അന്വേഷണത്തെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments