തൊടുപുഴ നഗരത്തില്‍ അഗ്‌നിരക്ഷാസേന നടത്തിയ മോക്ഡ്രില്ലിനിടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജനറേറ്ററിന് തീപിടിച്ചു.

 

തൊടുപുഴ നഗരത്തില്‍ അഗ്‌നിരക്ഷാസേന നടത്തിയ മോക്ഡ്രില്ലിനിടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജനറേറ്ററിന് തീപിടിച്ചു. 

തീപിടുത്തമുണ്ടായപ്പോള്‍ മോക്ഡ്രില്ലിന്റെ ഭാഗമായുള്ള രക്ഷാപ്രവര്‍ത്തനമാണെന്ന് കരുതി ആദ്യം പലരും മാറിനിന്നെങ്കിലും അഗ്‌നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളില്ല. ശനിയാഴ്ച രാവിലെ 10.30 ഓടെ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപമായിരുന്നു തീപിടിത്തം. 


രാവിലെ 10 മുതല്‍ ഉച്ചവരെ നഗരത്തിലെ വിവിധ ഇടങ്ങളില്‍ മോക്ഡ്രില്‍ നടത്തുമെന്ന് ഫയര്‍ഫോഴ്സ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10 ന് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളില്‍ മരം വെട്ടുന്നതിനിടെ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്ന രീതിയിലാണ് ആദ്യ പരിശീലനം നടത്തിയത്. ഇത് പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സമീപത്തെ വസ്ത്രശാലയിലെ ജനറേറ്ററിന് അപ്രതീക്ഷിതമായി തീപിടിച്ചത്. അഗ്നിരക്ഷാസേന ഉടന്‍ ഇടപെട്ട് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


 തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ വാഹനാപകടത്തില്‍പ്പെട്ടയാളെ സ്‌ട്രെച്ചര്‍ ഉപയോഗിച്ച് ആംബുലന്‍സിലേക്ക് മാറ്റുന്ന രീതിയും, തൊടുപുഴയാറ്റില്‍ വീണയാളെ റെസ്‌ക്യൂ ബോട്ട് ഉപയോഗിച്ച് പാലത്തിന് മുകളിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുന്ന രീതിയും അഗ്‌നിരക്ഷാസേന ആവിഷ്‌കരിച്ചു. വിവിധ അപകട സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്ന രീതികളും ആധുനിക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെ ഉപയോഗവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു മോക്ഡ്രില്‍. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments