കനത്ത മഴ തിരിച്ചടിയായി......ഓണക്കാലത്ത് ഇടുക്കിയിലെ ടൂറിസം മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുറവ്


 കഴിഞ്ഞ 25 മുതല്‍ 29 വരെ നാലു ദിവസങ്ങളിലായി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത് 81,173 സന്ദര്‍ശകരാണ്. സാധാരണ ഏറെ തിരക്കനുഭവപ്പെടുന്ന ഉത്രാടത്തിനും തിരുവോണത്തിനും ഇത്തവണ സന്ദര്‍ശകരുടെ എണ്ണം വളരെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണത്തിന് 15,295 പേരും ഉത്രാട നാളില്‍ 9,575 പേരും സന്ദര്‍ശനം നടത്തിയപ്പോള്‍ ഉത്രാടത്തിന് 5355 പേരും ഓണത്തിന് 8851 പേരുമാണ് ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയത്. ഇത്തവണയും വാഗമണ്ണിന്റെ മനം മയക്കുന്ന ദൃശ്യ സൗന്ദര്യം ആസ്വദിക്കാനാണ് കൂടുതല്‍ പേരും എത്തിയത്. മൊട്ടക്കുന്ന്, സാഹസിക പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് ഒട്ടേറെ സന്ദര്‍ശകരെത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെ തിരക്കനുഭവപ്പെട്ടില്ലെന്ന് ടൂറിസം വകുപ്പ് അധികൃതരും വ്യാപാരികളും പറഞ്ഞു. ഓണത്തിന് വാഗമണ്‍ മൊട്ടക്കുന്ന് 3172 പേരും അഡ്വഞ്ചര്‍ പാര്‍ക്ക് 821 പേരുമാണ് സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 4017, 10,195 എന്നിങ്ങനെയായിരുന്നു. അവിട്ടം നാള്‍ മുതല്‍ വാഗമണ്ണില്‍ തിരക്കേറിത്തുടങ്ങി. 27 മുതല്‍ 29 വരെ മൊട്ടക്കുന്നില്‍ 21122 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 18316 പേരും സന്ദര്‍ശനം നടത്തി. രാമക്കല്‍മെട്ടില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയത് 6747 സഞ്ചാരികളാണ്.


 മാട്ടുപ്പെട്ടി-815, അരുവിക്കുഴി- 1128, ശ്രീനാരായണപുരം-3264 പാഞ്ചാലിമേട്-8029, ഹില്‍വ്യൂപാര്‍ക്ക് -4531, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍- 8835, ആമപ്പാറ-1926 എന്നിങ്ങനെയാണ് ഡിടിപിസിയുടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അഞ്ചു ദിവസം എത്തിയവരുടെ കണക്ക്. ഏതാനും ദിവസങ്ങളായി പെയ്ത കനത്ത മഴയും ഇതേത്തുടര്‍ന്നുള്ള മുന്നറിയിപ്പുകളുമാണ് വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്. 2024ല്‍ ഓണ നാളില്‍ 13724 പേരാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. 2025ല്‍ 15295 പേരായി സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു. ഇതാണ് 2026-ല്‍ 8851 ആയി കുറഞ്ഞത്. മറ്റ് ജില്ലകളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ ഇത്തവണ ജില്ലയിലെ ടൂറിസം ആസ്വദിക്കാന്‍ ബുക്കിംഗ് നടത്തിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് കൂടുതല്‍ പേരും ബുക്കിംഗ് റദ്ദ് ചെയ്തു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തേക്കടി, ഇരവികുളം ദേശീയോദ്യാനം, തൊമ്മന്‍കുത്ത് കൂടാതെ മലങ്കര, അയ്യപ്പന്‍കോവില്‍, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ ഓണക്കാലത്ത് അവസരം ലഭിച്ചെങ്കിലും അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും പ്രതികൂലമായി. ജില്ലയില്‍ കനത്ത മഴ പെയ്തതോടെ കേരള -തമിഴ്നാട് അതിര്‍ത്തിയായ കമ്പത്തെ മുന്തിരിപ്പാടങ്ങള്‍ സന്ദര്‍ശിക്കാനും മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെയെത്തി. പന്തലുകളില്‍ മൂത്തു പഴുത്തു പാകമായി കിടക്കുന്ന മുന്തിരിക്കുലകള്‍ കാണാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് കമ്പത്തെ മുന്തിരിപ്പാടങ്ങളിലെത്തിയത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments