ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാല്‍ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്ര സന്നിധിയില്‍ ഇനി ചതുര്‍ബാഹുവായ മഹാവിഷ്ണു ക്ഷേത്രവും.
ഈ ക്ഷേത്രത്തിനും ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന പ്രാര്‍ത്ഥനാ ഹാളിനും പ്രസാദ വിതരണ കൗണ്ടറിനും ശാന്തിമഠത്തിനും ഇന്നലെ രാവിലെ ശുഭമുഹൂര്‍ത്തത്തില്‍ ഇടപ്പാടി ദേവസ്വം ഭാരവാഹികളായ എം.എന്‍. ഷാജി, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ്മണി, ദേവസ്വം ഭാരവാഹികള്‍, യൂണിയന്‍ ഭാരവാഹികള്‍, ശാഖാ നേതാക്കള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ശിലയിട്ടു.
ക്ഷേത്ര മേല്‍ശാന്തി വൈക്കം സതീഷ് ശാന്തികളുടെ മുഖ്യകാര്‍മികത്വത്തില്‍ ശിലാപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
മൂന്ന് കോടി മുടക്കി ഇടപ്പാടി ക്ഷേത്ര സന്നിധിയില്‍ നടപ്പാക്കുന്ന വികസന പദ്ധതിയുടെ പ്രധാന ആകര്‍ഷണം ചതുര്‍ബാഹുവായ മഹാവിഷ്ണു ക്ഷേത്രം തന്നെ. പിതൃപുണ്യ സങ്കേതമായി ഇതോടെ ഇടപ്പാടി മാറുകയാണ്.
12,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രാര്‍ത്ഥനാ ഹാളില്‍ ഒരേസമയം ഏകദേശം 1,500 പേര്‍ക്ക് പ്രാര്‍ത്ഥനയിലും ആത്മീയ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ സൗകര്യമുണ്ടാകും. പ്രസാദ വിതരണത്തിനായി മൂന്നുനിലകളിലായി കൗണ്ടറും ശാന്തി മഠവും പദ്ധതിയുടെ ഭാഗമാണ്. പാലക്കാട് സുരേഷിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനുവരി പകുതിയോടെ കലശവും മന്ദിര ഉദ്ഘാടനങ്ങളും പ്രതിഷ്ഠാ കര്‍മ്മവും നടത്താന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.





0 Comments