കുറുമണ്ണ് അംബേദ്കർ സാംസ്കാരിക നിലയത്തിലെ ശുചിമുറി തുറക്കാത്തത് വിവാദം..... ചെവിക്കല്ല് അടിച്ചു പറിക്കുമെന്ന് മെമ്പർ ; എന്നാൽ മേലിൽ ഒന്നരക്കാലിൽ കടനാട്ടിലൂടെ നടക്കില്ലെന്ന് വൈസ് പ്രസിഡൻ്റ് .... ശുചിമുറി നന്നാക്കാനെന്ന പേരിൽ നാട്ടിലെ പിരിവിനു പുറമേ പഞ്ചായത്തിൽ നിന്നും പതിനായിരം ചെലവഴിച്ചു .... എന്നിട്ടും ശുചിമുറി നന്നാക്കി തുറക്കാൻ കഴിയാതെ അധികാരികൾ




കടനാട് പഞ്ചായത്തിലെ  കുറുമണ്ണ് അംബേദ്കർ സാംസ്കാരിക നിലയത്തിന്റെ താഴത്തെ നിലയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ നാല് മുറികളുള്ള ശുചിമുറി സമുച്ചയം പതിവായി തുറന്നു കൊടുക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കടനാട് പഞ്ചായത്തിൽ വിവാദം.

 കോൺഗ്രസ് എലിവാലി വാർഡ് പ്രസിഡന്റ് കൂടിയായ ടാക്സി തൊഴിലാളി സുനുമോൻ ജേക്കബിന്റെ പരാതിയെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണിയും വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷും സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്‌ട്യാ തന്നെ പഞ്ചായത്ത് അധികൃതർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് ഒരു മുറിയെങ്കിലും അത്യാവശ്യമായി തുറന്നു കൊടുത്തേ തീരുവെന്ന് വൈസ് പ്രസിഡൻ്റ് കർശന നിലപാടെടുത്തത് മെമ്പറെ ചൊടിപ്പിച്ചു ....

പൊതുജനങ്ങൾക്കും കുറുമണ്ണിലെ ടാക്സി തൊഴിലാളികൾക്കും സാംസ്കാരിക നിലയത്തിലെത്തുന്ന ആളുകൾക്കും ശുചിമുറി ഉപയോഗിക്കാൻ സാധിക്കാതെ ഏറെക്കാലമായി ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ദളിത് വിഭാഗക്കാരുടെ ഒരു പരിപാടി ഇവിടെ നടന്നപ്പോഴും ശുചിമുറി തുറന്നു നൽകിയില്ലെന്നും ആരോപണമുയർന്നിരുന്നു .


മോട്ടോർ കേടാണ് , വെള്ളം അടിക്കാൻ പറ്റുന്നില്ല  തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശുചിമുറി അടച്ചിടുന്നതെന്നാണ്  ആക്ഷേപം. എന്നാൽ പൊതുപണം ഉപയോഗിച്ച് നിർമ്മിച്ച സൗകര്യം പൊതുജനങ്ങൾക്ക് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാരൻ പറയുന്നു.

സ്ഥലത്തെ പരിശോധനയിൽ ശുചിമുറികളുടെ  താക്കോൽ ഒരു പഞ്ചായത്ത് അംഗത്തിന്റെ കൈവശമാണെന്ന് ബോധ്യപ്പെട്ടതായി പ്രസിഡന്റ് ലാലി സണ്ണിയും വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷും പറഞ്ഞു . നാലു മുറികളിൽ കുറഞ്ഞത് ഒരു മുറിയെങ്കിലും നിർബന്ധമായും തുറന്നു കൊടുക്കണമെന്ന് അവർ ഈ മെമ്പറോട്  ആവശ്യപ്പെടുകയായിരുന്നു .

വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റിയിലും ചൂടേറിയ വാക്കേറ്റം

ഈ വിഷയത്തിൽ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും  ഇടപെട്ടതിൽ പ്രകോപിതനായ പഞ്ചായത്ത് അംഗം വൈസ് പ്രസിഡന്റിനെ കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നു.

തുടർന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും വിഷയം വീണ്ടും ചർച്ചയായി. യോഗത്തിൽ വൈസ് പ്രസിഡന്റ് ബന്ധപ്പെട്ട അംഗത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്; 
 തന്റെ മേൽ കൈവച്ചാൽ "ഒന്നരക്കാലിൽ കടനാട്ടിലൂടെ  നടക്കില്ല" എന്ന തരത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകിയതായി യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇതേ തുടർന്ന് കമ്മറ്റിയിൽ നിന്ന്  മെമ്പർ വേഗം  ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 



ഒരു ശുചിമുറി തുറക്കാൻ ധാരണയായതായി വിവരം

വിവാദങ്ങൾക്കൊടുവിൽ നിലവിൽ നാല് ശുചിമുറികളിൽ ഒരെണ്ണമെങ്കിലും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


ടാക്സി തൊഴിലാളികളുടെ ആവശ്യം

കുറുമണ്ണിലെ ടാക്സി സ്റ്റാൻഡിന് അടുത്തുള്ള   ഈ പൊതുസൗകര്യം തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ടാക്സി തൊഴിലാളികൾ ഏറെക്കാലമായി ഉന്നയിച്ചുവരികയാണെന്ന് സുനുമോൻ ജേക്കബ് പറഞ്ഞു. പഞ്ചായത്തിന്റെ അംബേദ്കർ സാംസ്കാരിക നിലയത്തിൽ എത്തുന്ന സാധാരണ ജനങ്ങൾക്കും യാത്രക്കാർക്കും ശുചിമുറി ഉപയോഗിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് അംഗത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments