പാലായിലെ പാടം നികത്തല്‍: റിപ്പോര്‍ട്ട് നല്‍കിയെന്ന് വില്ലേജ് ഓഫീസര്‍; കിട്ടിയിട്ടില്ലെന്ന് ആര്‍ഡിഒ... നാലുമാസം പഴക്കമുള്ള ഫയല്‍ ആര്‍ഡി ഓഫീസില്‍ പൂഴ്ത്തിവച്ചത് ആരെന്ന് ചോദ്യം; സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മണ്ണിടല്‍ തുടരുന്നു



പാലാ നഗരസഭ മൂന്നാം വാര്‍ഡില്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ബില്‍ഡിംഗിന് സമീപത്തെ അനധികൃത പാടം നികത്തല്‍ വിവാദത്തില്‍ റവന്യൂ വകുപ്പിനുള്ളില്‍ തന്നെ ഗുരുതരമായ വൈരുധ്യം. 

അനധികൃത മണ്ണിടീല്‍ സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ തന്നെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് ളാലം വില്ലേജ് ഓഫീസറുടെ വിശദീകരണം. ലാന്‍ഡ് റവന്യൂ തഹസില്‍ദാരും റിപ്പോര്‍ട്ട് കൈമാറിയിരുന്നുവെന്ന് സ്ഥിരീകരിക്കുമ്പോള്‍, കൃഷി ഓഫീസറില്‍ നിന്നും വില്ലേജ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പാലാ ആര്‍ഡിഒയുടെ പ്രതികരണം.
ളാലം വില്ലേജ് ഓഫീസിന് ഒരു മതിലിനപ്പുറം സിവില്‍ സ്റ്റേഷനിലാണ് ആര്‍ഡിഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നാലുമാസം മുമ്പ് ഗുരുതര നിയമലംഘനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന വില്ലേജ് അധികൃതരുടെയും എല്‍.ആര്‍ തഹസില്‍ദാരുടെയും വിശദീകരണം മുഖവിലയ്ക്കെടുത്താല്‍ ഇത് ആര്‍.ഡി.ഒ.യുടെ നിലപാടുമായി ചേരുന്നതല്ലെന്ന് വ്യക്തം.


അന്വേഷണം വേണമെന്ന് ആവശ്യം

റിപ്പോര്‍ട്ട് യഥാസമയം അയച്ചതാണെങ്കില്‍ അത് ആര്‍ഡിഒ ഓഫീസില്‍ എത്താതിരുന്നത് എങ്ങനെ, എത്തിയിരുന്നെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് എന്നതിലാണ് ആദ്യ അന്വേഷണം വേണ്ടിവരുന്നത്. റവന്യൂ വകുപ്പിന്റെ ആഭ്യന്തര നടപടിക്രമങ്ങള്‍ തന്നെ ഈ സംഭവത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വൈരുധ്യം ഒരു നോട്ടത്തില്‍

* ജൂണ്‍: വില്ലേജ് ഓഫീസര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് വിശദീകരണം.
* എല്‍.ആര്‍ തഹസില്‍ദാര്‍: റിപ്പോര്‍ട്ട് കൈമാറിയെന്ന് സ്ഥിരീകരണം.
* രണ്ടുതവണ: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മണ്ണിടല്‍ തുടര്‍ന്നു.
* പോലീസില്‍ പരാതി: തുടര്‍നടപടി ഉണ്ടായില്ലെന്ന ആക്ഷേപം.
* ആര്‍ഡിഒ: വില്ലേജ് ഓഫീസറുടെയും കൃഷി ഓഫീസറുടെയും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് വിശദീകരണം.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments