"എന്തായാലും മാലിന്യം നീക്കുകയാണല്ലോ , എന്നാപ്പിന്നെ ഇതൂടെ കിടക്കട്ടെ ....... !!! " കളരിയാമ്മാക്കൽ ചെക്ക് ഡാമിൽ മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ കാത്തിരുന്നത് ക്രൂരതയുടെ കാഴ്ച...... ചെക്ക് ഡാമിൽ ചാക്കുകെട്ടുകളായി മാലിന്യം തള്ളി; നഗരസഭാ അധികൃതരുടെ സങ്കടം
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ, കളരിയാമാക്കൽ ചെക്ക് ഡാമിൽ വീണ്ടും ചാക്കുകെട്ടുകളായി മാലിന്യം തള്ളിയ സംഭവം നഗരസഭാ അധികൃതരെയും സന്നദ്ധ പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചു. "മാലിന്യം നീക്കാൻ ഇറങ്ങിയവരെ കൂടുതൽ മാലിന്യം ചുമക്കാൻ നിർബന്ധിക്കുന്ന ക്രൂരതയാണ് ഇത്" എന്ന വികാരമാണ് സന്നദ്ധ പ്രവർത്തകർ പങ്കു വെച്ചത് .
പാലാ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും ചേർന്നാണ് ചെക്ക് ഡാമിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശ്രമം ആരംഭിച്ചത്. മാലിന്യം നീക്കുന്നതിന് 2 ദിവസം മുമ്പ് നഗരസഭാധികൃതർ സ്ഥലം പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ, മുളകൾ, വെട്ടിമാറ്റിയ ചെടികളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊട്ടു മുന്നേ വീണ്ടും സ്ഥലത്തെത്തിയപ്പോൾ ചാക്കു കെട്ടുകളിൽ മാലിന്യം തള്ളിയിരിക്കുന്നു. !!!
നിരവധി ചാക്കുകളിൽ കെട്ടിയ ഗാർഹിക മാലിന്യങ്ങളാണ് ചെക്ക് ഡാമിലേക്ക് കൊണ്ടുവന്ന് തള്ളിയിരുന്നത്. ശുചീകരണം നടക്കുന്നുവെന്ന വിവരം അറിഞ്ഞ ചിലർ "എന്തായാലും മാലിന്യം മാറ്റാൻ പോകുകയല്ലേ, നമ്മുടെ മാലിന്യവും കൂടെ നീക്കിക്കോട്ടെ" എന്ന മനോഭാവത്തോടെ മനപ്പൂർവം ചാക്കുകെട്ടുകളായി മാലിന്യം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇത് ശുചീകരണ പ്രവർത്തനങ്ങളെ പരിഹസിക്കുന്ന നടപടിയാണെന്ന് നഗരസഭാ അധികൃതർ പ്രതികരിച്ചു. ജനങ്ങളുടെ സഹകരണത്തോടെ പ്രകൃതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിലും ചിലരുടെ ഇത്തരം പ്രവൃത്തികൾ ആ ശ്രമങ്ങൾക്ക് തിരിച്ചടിയാകുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ചെക്ക് ഡാം മാലിന്യമുക്തമാക്കാൻ സന്നദ്ധ പ്രവർത്തകർ കഠിനാധ്വാനം ചെയ്യുമ്പോൾ രാത്രിയുടെ മറവിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് സാമൂഹിക ഉത്തരവാദിത്തബോധമില്ലായ്മയുടെ ഉദാഹരണമാണെന്ന് പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പെട്ടു.
സംഭവത്തിൽ നഗരസഭ കൂടുതൽ നിരീക്ഷണം ശക്തമാക്കാനും, മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികൾ ആലോചിക്കുന്നതായും സൂചനയുണ്ട്. "ശുചീകരണം നഗരസഭയുടെയോ സന്നദ്ധ പ്രവർത്തകരുടെയോ മാത്രം ബാധ്യതയല്ല, ഓരോ പൗരന്റെയും കടമയാണ്" എന്ന ഓർമ്മപ്പെടുത്തലോടെയാണ് അധികൃതർ ജനങ്ങളോട് വീണ്ടും സഹകരണം അഭ്യർത്ഥിക്കുന്നത്.
70 12 23 03 34

.jpeg)


0 Comments