ചിറയിൻകീഴ് സംഘർഷം: ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യ ഹരിദാസ്
ചിറയിൻകീഴിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണവുമായി രമ്യ ഹരിദാസ് എം.എൽ.എ രംഗത്ത്. കിഴുവില്ലം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഭവങ്ങളുടെ പിന്നിലെന്നും, പാർട്ടി എടുത്ത നിലപാടിനൊപ്പമാണ് താൻ ഉറച്ചുനിന്നതെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ വ്യാപകമായ അപവാദപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സജിത് ഉൾപ്പെടെയുള്ളവർ വാട്‌സ്ആപ്പ് വഴി വളരെ മോശമായ രീതിയിൽ പ്രചാരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടകളിൽ ഉൾപ്പെടെ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതായും, ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നതായും അവർ വ്യക്തമാക്കി.
എത്രയോ കാലമായി താൻ സൈബർ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കടയ്ക്ക് സമീപം വെച്ച് സജാദിനെ കണ്ടിരുന്നുവെന്നും, നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പോസ്റ്റിട്ടതെന്ന് സജാദ് തന്നോട് സമ്മതിച്ചതായും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. സജാദാണ് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം നടന്നതെല്ലാം ആസൂത്രിതമായിട്ടാണ്. പെൺകുട്ടിയെക്കൊണ്ട് ആരും ഒന്നും വായിപ്പിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.
പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് സ്ഥിരീകരിച്ചെങ്കിലും, അദ്ദേഹം അഡീഷണൽ പി.എ ആണോ എന്ന ചോദ്യത്തിന് രമ്യ ഹരിദാസ് കൃത്യമായ മറുപടി നൽകിയില്ല. ആഭ്യന്തര വകുപ്പിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. "സജാദിന്റെ വീട്ടിലേക്ക് പോയപ്പോൾ ഇവർ എവിടെ നിന്നാണ് വന്നത്? നിങ്ങളെ ആരെങ്കിലും അസഭ്യം പറഞ്ഞാൽ നിങ്ങൾ പ്രതികരിക്കില്ലേ?" എന്ന് ചോദിച്ച അവർ, സജിത്തിനെതിരെയുള്ള തന്റെ പ്രതികരണം സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണെന്നും കൂട്ടിച്ചേർത്തു.
70 12 23 03 34


0 Comments