ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് നാളെ താഴത്തങ്ങാടി ആറ്റിൽ നടക്കുന്ന 125-ാമത് ഗെയിൽ മത്സരവള്ളം കളി നടക്കും. ഇതോടൊപ്പം ആറാമത് ചാമ്പ്യൻസ് ബോട്ടു ലീഗിന്റെ ഭാഗമായി ഒമ്പത് ജലരാജാക്കന്മാരും മത്സരത്തിനായി അണിനിരക്കുന്നതിനാൽ വള്ളംക ളി ആരാധകർ ആവേശ കൊടുമുടിയേറും.
സിബിഎൽ ന്റെ ഈ സീസണിലെ ഏഴാമത് മത്സരമാണ് താഴത്തങ്ങാടിയിൽ നാളെ അരങ്ങേറുക. കേരളത്തിലെ ജലോത്സവസീസൺ ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് തുടങ്ങുക. 1878-ൽ കോട്ടയം ദിവാൻ ബേഷ്ക്കാറായിരുന്ന റ്റി. രാമറാവുവിന്റെ കാലത്ത് ആരംഭിച്ച താഴത്തങ്ങാടി വള്ളംകളിയും പഴക്കം കൊണ്ടും സംഘാടക മികവു കൊണ്ടും ജനശ്രദ്ധ ആകർഷിച്ച് ഓണ നാളുകളിൽ നടത്തിവന്നിരുന്നു.
എന്നാൽ 2019-ൽ സിബിഎൽ മത്സരം കൂടി ആരംഭിച്ചതോടെയാണ് ഓണാഘോഷങ്ങ ൾക്കൊപ്പം താഴത്തങ്ങാടി മത്സര വള്ളംകളി നടത്താൻ കഴിയാതായത്. ജില്ലയിലെ മറ്റു ജലമേളകൾ ഓണത്തോടടുത്തു നടത്തുന്നതിനാൽ ചെറുവള്ളങ്ങൾ താഴത്തങ്ങാടിയിൽ എത്തുന്നത് കുറഞ്ഞുവരുന്നതായി സംഘാടകർ പറയുന്നു.
തുടക്കത്തിൽ നെഹൃട്രോഫിക്ക് ശേഷം സിബിഎൽ ആദ്യം നടത്തിയിരുന്നത് താഴത്തങ്ങാടിയിലായിരുന്നു. ഏന്നാൽ ചില രാഷ്ട്രീയ സ്വാധീനമാണ് ഈ സീസണിലെ ഏഴാമത് മത്സര വേദിയായി താഴത്തങ്ങാടി മാറിയതെന്നാണ് സംഘാടകരുടെ ആക്ഷേപം.
1878-ൽ ആരംഭിച്ച വള്ളംകളി1987 വരെ നാടിന്റെ ആവേശമായി അഭംഗുരം നടന്നിരുന്നു എന്നാൽ പിന്നീട് പല സാങ്കേതിക കാരണങ്ങളാൽ മത്സരം തുടരാനായില്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണജുബിലി വർഷമായ 1997 ലാണ് ജലമേള പുനരാരംഭിക്കുന്നത്.
ഒരു കാലത്ത് ഹെയ്ലി സെലാസി എവർ റോളിംഗ് ട്രോഫിയായിരുന്നു വിജയികൾക്ക് നൽകിയിരുന്നത്. 1957-ൽ എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസി ഇൻഡ്യാ സന്ദർശനം നടത്തി.
അദ്ദേഹത്തിന് വേണ്ടി താഴത്തങ്ങാടിയിൽ മത്സരവള്ളംകളി സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുണ്ടൻ വള്ളത്തിന് ചക്രവർത്തി ഒപ്പിട്ട ട്രോഫിയാണ് സമ്മാനിച്ചത്.
1989-ൽ മത്സരത്തിൽ ഉണ്ടായ തർക്കത്തിലും ബഹളത്തിലും ആ ട്രോഫി കാണാതായി. ഇതുവരെ കണ്ടെത്താനുമായില്ല. നിലവിലെ സംഘാടകർ ട്രോഫി കണ്ടെത്താനുള്ള അന്വേക്ഷണത്തിലാണ്.
കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വെസ്റ്റ് ക്ലബ്ബും സംസ്ഥാന ടൂറിസം വകുപ്പും ചേർന്നാണ് 28 വർഷങ്ങളായി മുടങ്ങാതെ മത്സരം നടത്തി വരുന്നത്. കോട്ടയം നഗരസഭയുടെയും തിരുവാർപ്പ് പഞ്ചായത്തിന്റേയും സഹകരണവും കൂടി ഉണ്ട് .
നാളെ പങ്കെടുക്കുന്ന ജലരാജാക്കന്മാർ : –
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴയുന്ന മേൽപ്പാടം ചുണ്ടൻ, കൊല്ലം ആരോമ ബോട്ട് ക്ലബ്ബിന്റെ ആരോമ ചുണ്ടൻ, യു ബി സി എഫ് സി കൈനകരിയുടെയുടെ വീയപുരം, പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര ചുണ്ടൻ, കെ ടി ബി സി, കുമരകം തുഴയുന്ന പുണ്യാളൻ നിരണം , നാട്ടകം ബോട്ട് ക്ലബ്ബ്, കോട്ടയത്തിന്റെ ചെറുതന, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ തലവടി തുടങ്ങി പ്രമുഖ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനായി അണിനിരക്കും.
ചെറു കളിവള്ളങ്ങൾ:-
മൂന്ന് തൈയ്ക്കൻ,പി. ജി. കർണൻ,തുരുത്തിത്തറ, സെന്റ് ജോസഫ്,ശരവണൻ, കുന്നത്തുപറമ്പൻ, പുത്തൻപറമ്പൻ,പി. ജി. കരീപ്പുഴ, പുന്നത്ര പുരയ്ക്കൻ, മാളിയേക്കൻ, ചാമ്പ്യൻ,മൂഴി എന്നീ ചെറുകളിവള്ളങ്ങളും നാളെ താഴത്തങ്ങാടി ആറ്റിലുടെ ചീറി പായും.
കലാവിരുന്ന്
ഇന്ന് നടത്തുന്ന പരിശീലന തുഴച്ചിലിനെ തുടർന്ന് വൈകുന്നേരം ഏഴിന് കേരള തനിമയുള്ള കലാപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലാവിരുന്ന് റേസ് കോഴ്സിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കും.
70 12 23 03 34





0 Comments