സംസ്ഥാനത്തെ കായിക മേഖലയിൽ ദീർഘകാലമായി തുടരുന്ന രാഷ്ട്രീയ നിയമനങ്ങൾ പൂർണ്ണമായി ഒഴിവാക്കാനും കായിക രംഗം പ്രൊഫഷണൽ രീതിയിൽ ഉടച്ചുവാർക്കാനും ലക്ഷ്യമിട്ട് നിർണ്ണായക നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ.
ഇതിന്റെ ഭാഗമായി നിലവിലുള്ള കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പൂർണ്ണമായും നിർത്തലാക്കും.
പകരം കൂടുതൽ അധികാരങ്ങളോടെ 'സ്പോർട്സ് അതോറിറ്റി ഓഫ് കേരള' എന്ന പുതിയ ഉന്നതാധികാര ഏജൻസി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
പുതിയ സംവിധാനത്തിൽ കായിക മന്ത്രിയായിരിക്കും അതോറിറ്റിയുടെ അധ്യക്ഷൻ. കായിക മേഖലയിൽ മികച്ച സംഭാവന നൽകിയ പ്രഗത്ഭരായ കായികതാരങ്ങളെയാണ് സമിതിയിലെ അംഗങ്ങളായി ഉൾപ്പെടുത്തുക.
സംസ്ഥാനത്തെ കായിക നയരൂപീകരണത്തിനും പദ്ധതികളുടെ നിർവ്വഹണത്തിനും കായികതാരങ്ങൾ അടങ്ങുന്ന വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും.
രാഷ്ട്രീയ പ്രതിനിധികളെ തിരുകിക്കയറ്റുന്ന പതിവിന് ഇതോടെ വിരാമമാകും. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇല്ലാതാകുന്നതോടെ നിലവിലുള്ള ജില്ലാതല സ്പോർട്സ് കൗൺസിലുകളും പൂർണ്ണമായി ഇല്ലാതാകും.
പകരം വികേന്ദ്രീകൃതമായ പുതിയ ഭരണസംവിധാനം പ്രാബല്യത്തിൽ വരും. ഭരണതലത്തിലും അക്കാദമിക് തലത്തിലും കായികതാരങ്ങൾക്ക് നേരിട്ട് പങ്കാളിത്തം ഉറപ്പാക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി.
ഇതുമായി ബന്ധപ്പെട്ട സമഗ്രമായ കായിക ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗികമായി അവതരിപ്പിക്കും. കായിക രംഗത്തിന്റെ സമ്പൂർണ്ണ പ്രൊഫഷണലൈസേഷന് വഴിയൊരുക്കുന്നതാണ് സർക്കാരിന്റെ ഈ നീക്കം.





0 Comments