പാലായിൽ വികസനത്തിന്റെ പെരുമഴക്കാലം: മാണി സി കാപ്പൻ എം.എൽ.എ


പാലായിൽ വികസനത്തിന്റെ പെരുമഴക്കാലം: മാണി സി കാപ്പൻ എം.എൽ.എ

 നിയോജകമണ്ഡലത്തിൽ ഇടതു സർക്കാർ മന:പൂർവ്വം മുടക്കിയിട്ടിരുന്ന പദ്ധതികൾക്ക് ജീവൻ വെച്ചുവരുന്നതായി മാണി സി കാപ്പൻ എം.എൽ.എ.  യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ മുഖ്യമന്ത്രി വി.ഡി.സതീശനെയും വിവിധ വകുപ്പ് മന്ത്രിമാരെയും നേരിൽ കണ്ടും വകുപ്പ് തല ഉദ്യോഗസ്ഥ യോഗങ്ങൾ നടത്തിയുമാണ് മുടങ്ങിക്കിടന്നിരുന്ന ഫയലുകളുടെ കെട്ടഴിച്ചത്. കെ.എം മാണി മന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹം തുടങ്ങി വെച്ചതും പൂർത്തീയാക്കാൻ കഴിയാത്തതുമായ പദ്ധതികൾ നടപ്പാക്കാനാണ് മുൻഗണനയെന്ന് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ഉടനെ താൻ പറഞ്ഞിരുന്നു. അതനുസരിച്ച് താൻ ഭരണമുന്നണിയുടെ ഭാഗമായിരുന്ന ഒന്നരവർഷം കാലം കൊണ്ട് ജനറൽ ആശുപത്രിയും ബൈപാസ് റോഡും ഭാഗികമായി പൂർത്തീയാക്കാൻ കഴിഞ്ഞു.  എന്നാൽ രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റങ്ങൾ നിയോജകമണ്ഡലത്തിലെ വികസനങ്ങൾ അട്ടിമറിക്കപ്പെടുന്നതിന് കാരണമായി. 12 കോടി രൂപാ ചെലവഴിച്ച് പണി പൂർത്തിയാക്കിയ ഇലവീഴാപൂഞ്ചിറ റോഡ് ഉൾപ്പെടെയുള്ള 8 റോഡുകളും നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സും ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഇടതു മന്ത്രിമാരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫണ്ട് അനുവദിക്കപ്പെട്ടിരുന്ന റിവർവ്യൂ റോഡ് ബൈപാസ് റോഡ്, കളരിയാമാക്കൽ പാലം, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം ഉൾപ്പെടെയുള്ളവ  അനാവശ്യ തടസവാദങ്ങളുയർത്തി മുടക്കിയിട്ടതിന്റെ കാരണവും പാലായിലെ ജനങ്ങൾക്കറിയാം. വീണ്ടും യു.ഡി.എഫ് അധികാരത്തിലെത്തിയതോടെയാണ് വികസന രംഗത്ത് ചലനമുണ്ടായിത്തുടങ്ങിയത്. സമീപന പാതയില്ലാതെ 12 വർഷം മുമ്പ് പണിത കളരിയാമാക്കൽ പാലം ഗതാഗത യോഗ്യമാക്കാൻ പൂവരണി വില്ലേജിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. തകർന്നു തരിപ്പണമായ മേലുകാവ് പഞ്ചായത്തിലെ കുരിശുങ്കൽ പാലം പുനർ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 2022 ലെ പ്രളയക്കെടുതിയിൽ ഒലിച്ചു പോയ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം പുതുക്കിപണിയുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു ധാരണാപത്രം ഒപ്പുവെച്ചതിനാൽ തുലാവർഷക്കാലം കഴിഞ്ഞാലുടൻ നവംബർ മാസം പണി ആരംഭിക്കും. പാലാ ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് വീതികൂട്ടി ടാർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നു.  വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റിവർ വ്യൂ റോഡ് പൂർത്തീയാക്കാനുള്ള ശ്രമങ്ങൾ ധൃതഗതിയിലാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പരിഹരിക്കാനുള്ള ഊർജിത ശ്രമങ്ങൾ വിജയിച്ചു വരുന്നു. എട്ടു വർഷം മുമ്പ് പണിത് കാട് കയറിക്കിടന്ന നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് വൈദ്യുതി, വെള്ളം എന്നിവ എത്തിച്ച്  പ്രവർത്തനക്ഷമമായിരിക്കുന്നു. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകൾ നെല്ലിയാനിയിലേക്ക് മാറ്റുന്ന നടപടികൾ ധൃതഗതിയിൽ നടക്കുന്നു. അനക്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോഗം  പതിനൊന്നാം തീയതി ചേരുന്നതാണ്. 16ന്  റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ സിവിൽ സ്റ്റേഷൻ അനക്സ് ഉദ്ഘാടനം ചെയ്യും.  ആർ.റ്റി.ഒ ഉൾപ്പെടെയുള്ള ഓഫീസുകൾ അനക്സിൽ സമയബന്ധിതമായി പ്രവർത്തന സജ്ജമാകുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. 
5 വർഷം ഭരണത്തിൽ പങ്കാളിത്തമുണ്ടായിട്ടും നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ അട്ടിമറിച്ചവർ പുതിയ സർക്കാരിന് തങ്ങൾ നൽകുന്ന നിവേദനങ്ങളുടെ ഫലമാണ് നേട്ടങ്ങളെല്ലാം എന്ന് വീമ്പിളക്കുന്നത് അപഹാസ്യമാണെന്ന് മാണി സി. കാപ്പൻ പറഞ്ഞു. വികസനത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കാണിക്കുന്ന താല്പര്യം ജനോപകാര പ്രവർത്തനങ്ങൾ നടപ്പാക്കാനുണ്ടാകണമെന്ന് കാപ്പൻ അഭ്യർത്ഥിച്ചു. പാലായുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന നിർദ്ദിഷ്ട എക്സ്പ്രസ് ഹൈവേ യാഥാർത്ഥ്യമാക്കാൻ രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments