പെരിങ്ങാശേരിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മലയാറ്റില്‍ ജെയിംസ് ആഗസ്തി (61) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കരിമണ്ണൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുടുംബവുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്ന ജെയിംസ് ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം.
വീടിനോട് ചേര്‍ന്ന് ചെറിയൊരു കടയും നടത്തിവരികയായിരുന്നു. ജെയിംസ് സ്ഥിരമായി എത്തുന്ന കട അടഞ്ഞുകിടന്നതും, വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതും അയല്‍വാസികളില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ മനു സി.എല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജെയിംസിനെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അടുക്കളഭാഗത്തെ വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു.
വീട്ടില്‍ നിന്നും സമ്പാദ്യമായി സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം തിങ്കളാഴ്ച പെരിങ്ങാശേരി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ സംസ്‌കരിക്കും.
70 12 23 03 34




0 Comments