സുനില്‍ പാലാ
പാലാ ജനറല്‍ ആശുപത്രിവളപ്പില്‍ അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന വന്‍ വാകമരം ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി.
മരത്തിന്റെ അപകടാവസ്ഥ പരിശോധിച്ച് എത്രയും വേഗം മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ആവശ്യം. മരത്തിന്റെ നിലനില്‍പ്പ് ഒരു സാധ്യതാ ദുരന്തമായി പരിഗണിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനറല്‍ ആശുപത്രി വളപ്പില്‍ അപകടകരമായ നിലയില്‍ വന്മരം നില്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രി പരിസരത്തെ വന്മരം ഏതു സമയത്തും കടപുഴകിവീഴാനോ ശാഖകള്‍ ഒടിഞ്ഞുവീഴാനോ സാധ്യതയുണ്ടെന്ന ആശങ്കയും ഇതുസംബന്ധിച്ച പരാതികളും നേരത്തേ ഉയര്‍ന്നിരുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും പൊതുജനങ്ങളും ദിവസേന എത്തുന്ന ആശുപത്രി വളപ്പില്‍ മരത്തിന്റെ സാന്നിധ്യം സുരക്ഷാഭീഷണിയാകുന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തന്നെ ഇടപെട്ട് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധ തേടിയിരിക്കുന്നത്. ആശുപത്രി പരിസരത്തെ അപകടാവസ്ഥ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഇടപെടലും ഉണ്ടായിരിക്കുന്നത്.
ആശുപത്രിയിലെ തിരക്കേറിയ ഭാഗത്ത് നില്ക്കുന്ന വാകമരം അപകടനിലയിലാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ അനൂപ് ബോസ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. മരത്തിന് സമീപത്തായി മെഡിക്കല്‍ സ്റ്റോറുകള്‍, കെട്ടിടങ്ങള്‍, നടപ്പാത, ഓട്ടോറിക്ഷാ സ്റ്റാന്‍ഡ്, ആംബുലന്‍സ് സ്റ്റാന്‍ഡ്, ബാങ്ക് കെട്ടിടം, പേ വാര്‍ഡ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ 11 കെ.വി. വൈദ്യുതി ലൈനും മരത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. മരം കടപുഴകുകയോ വലിയ ശാഖകള്‍ ഒടിഞ്ഞുവീഴുകയോ ചെയ്താല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാകുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments