ആനന്ദഷണ്മുഖന്റെ സന്നിധിയില്‍ തുടര്‍ച്ചയായി മയിലുകള്‍ എത്തുന്നതിന്റെ കൗതുകവും ഭക്തിനിര്‍ഭരമായ അന്തരീക്ഷവും നിറഞ്ഞുനില്ക്കെ സ്കന്ദഷഷ്ഠി വ്രതപുണ്യത്തിനൊരുങ്ങി ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം.
ഒരു മാസത്തിനിടെ നാലുതവണയാണ് ക്ഷേത്രപരിസരത്ത് മയിലിന്റെ സാന്നിധ്യമുണ്ടായത്. ഏറ്റവും ഒടുവില്‍ ശ്രീനാരായണ ഗുരുദേവന് ഇരുന്നിരുന്ന കസേരയുടെ സമീപത്തും മയിലിനെ കണ്ടത് ഭക്തരില്‍ കൗതുകവും ആനന്ദവും പകര്‍ന്നു. പ്രകൃതിയും വിശ്വാസവും ഒത്തുചേരുന്ന ഈ അപൂര്‍വ കാഴ്ചകള്‍ക്കിടയില്‍ സ്കന്ദഷഷ്ഠി പൂജയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.
ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാല്‍ ആനന്ദഷണ്മുഖനെ കുടിയിരുത്തിയ പുണ്യസങ്കേതമാണ് ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം. സുബ്രഹ്മണ്യഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന സ്കന്ദഷഷ്ഠി വ്രതത്തിന് ഇവിടെ സവിശേഷ പ്രാധാന്യമുണ്ട്. കോട്ടയം ജില്ലയില്‍ സ്കന്ദഷഷ്ഠി ദിനത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
ഷഷ്ഠിനാളില്‍ നടക്കുന്ന കാര്യസിദ്ധി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ആഗ്രഹസാഫല്യത്തിനും കാര്യവിജയത്തിനുമായി ആയിരങ്ങളാണ് ഇവിടെ പൂജയില്‍ പങ്കെടുക്കാനെത്തുന്നത്. കാര്യസിദ്ധി പൂജയ്ക്കുശേഷം ശ്രീകോവിലില്‍ പൂജിച്ച വെറ്റിലയും നാരങ്ങയും നാണയവും ഭക്തര്‍ക്ക് പ്രസാദമായി നല്കുന്ന പ്രത്യേകതയുമുണ്ട്. ഷഷ്ഠിനാളില്‍ രാജഭാവത്തില്‍ ദര്‍ശനം നല്കുന്ന ആനന്ദഷണ്മുഖഭഗവാനെ തൊഴുത് പ്രാര്‍ഥിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഭക്തരെത്തും.
മയിലിന്റെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ ക്ഷേത്രാന്തരീക്ഷത്തിന് പുതിയൊരു കൗതുകം കൂടി പകരുകയാണ്. സുബ്രഹ്മണ്യഭഗവാന്റെ വാഹനമായി മയിലിനെ സങ്കല്‍പ്പിക്കുന്ന വിശ്വാസപശ്ചാത്തലത്തില് ഈ കാഴ്ചകള്‍ ഭക്തര്‍ക്ക് പ്രത്യേക അനുഭൂതിയാണ് സമ്മാനിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന മയിലിനെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും ഭക്തര്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിശ്വാസത്തിന്റെ കണ്ണിലൂടെ ഭക്തര്‍ ഈ സാന്നിധ്യത്തെ കാണുമ്പോള്‍ പ്രകൃതിയുടെ സ്വാഭാവികമായ സാന്നിധ്യമായും ഇത് ശ്രദ്ധേയമാകുന്നു.
സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് 2000-ത്തോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് കാര്യസിദ്ധി പൂജ നടത്താന്‍ കഴിയുന്ന വിശാലമായ പന്തലാണ് ക്ഷേത്രമുറ്റത്ത് ഒരുക്കുന്നത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനും പ്രസാദവിതരണത്തിനും ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഷഷ്ഠിനാളില്‍ പുലര്‍ച്ചെ അഞ്ചിന് നടതുറക്കും. തുടര്‍ന്ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ, പ്രഭാതപൂജ എന്നിവ നടക്കും. കളഭകലശപൂജയ്ക്കും രാവിലെ ഒന്‍പതിന് കലശപൂജയ്ക്കും ശേഷം പത്തിന് കാര്യസിദ്ധി പൂജ ആരംഭിക്കും. തുടര്‍ന്ന് അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, മഹാഗുരുപൂജ, രാജാലങ്കാര ദര്‍ശനം, മഹാഷഷ്ഠി പൂജ, പ്രസാദവിതരണം, ഷഷ്ഠി ഊട്ട് എന്നിവ നടക്കും. മേല്‍ശാന്തി സനീഷ് ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും.
ഭക്തര്‍ക്ക് വെള്ളനിവേദ്യം വിതരണം ചെയ്യുന്നതിനും ആനന്ദഷണ്മുഖഭഗവാന് നാരങ്ങാമാല ചാര്‍ത്തുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രയോഗം ഭാരവാഹികളായ എം.എന്‍. ഷാജി, സുരേഷ് ഇട്ടിക്കുന്നേല്, സതീഷ് മണി, കണ്ണന് ഇടപ്പാടി എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
.jpeg)




0 Comments