പാലായില്‍ മികച്ച സ്റ്റേഡിയമുണ്ടായിട്ടും കായികമേള കാഞ്ഞിരപ്പള്ളിക്ക്.... പാലായിലെ സിന്തറ്റിക് ട്രാക്ക് പൊളിച്ചിട്ടിട്ട് മാസങ്ങള്‍; കായികതാരങ്ങള്‍ക്ക് തിരിച്ചടി... കോട്ടയം ജില്ലയില്‍ മികച്ച സിന്തറ്റിക് സ്റ്റേഡിയം പാലായില്‍ മാത്രം; പണി വേഗത്തിലാക്കണമെന്ന് ആവശ്യം



സുനില്‍ പാലാ

മികച്ച സൗകര്യങ്ങളോടെ പാലായില്‍ സ്റ്റേഡിയം ഉണ്ടായിട്ടും സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ കായികമേള കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റേണ്ട ഗതികേടില്‍.

കോട്ടയം ജില്ലയില്‍ കായികമത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് കായികരംഗത്തിന് തിരിച്ചടിയായത്. ഇതോടെ പാലായില്‍ നടത്തേണ്ട പ്രധാന കായികമേളകള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ മറ്റു വേദികളിലേക്ക് മാറ്റേണ്ട സ്ഥിതിയാണ്.
കോട്ടയം ജില്ലയില്‍ നിലവാരമുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ പ്രധാന സ്റ്റേഡിയം പാലായിലായിരുന്നു. സ്‌കൂള്‍, കോളജ്, സര്‍വകലാശാല, ജില്ലാ തല മത്സരങ്ങള്‍ക്കും അത്‌ലറ്റിക് താരങ്ങളുടെ പരിശീലനത്തിനും വര്‍ഷങ്ങളായി ഈ സ്റ്റേഡിയത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സിന്തറ്റിക് ട്രാക്കിന്റെ നവീകരണത്തിനായി പഴയ ട്രാക്ക് പൊളിച്ചുമാറ്റിയതോടെ സ്റ്റേഡിയം കായികതാരങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയിലായി.


കായികമേളയും മാറ്റി

സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ പാലായില്‍ നടത്തേണ്ടിയിരുന്ന കായികമേള കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റേണ്ടി വന്നു. മികച്ച സ്റ്റേഡിയം ഉണ്ടായിട്ടും സ്വന്തം നഗരത്തില്‍ കായികമേള നടത്താന്‍ കഴിയാത്ത സാഹചര്യം പാലായിലെ കായികപ്രേമികളില്‍ നിരാശയുണ്ടാക്കുകയാണ്.

കോട്ടയം ജില്ലയില്‍ പാലായ്ക്ക് പുറമെ മത്സരങ്ങള്‍ നടത്താന്‍ അനുയോജ്യമായ നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളുടെ കുറവും പ്രശ്നം രൂക്ഷമാക്കുന്നു. പാലായിലെ സ്റ്റേഡിയം പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ ജില്ലയിലെ പ്രധാന കായികമത്സരങ്ങള്‍ക്ക് വലിയൊരു പരിധിവരെ ഇവിടെ തന്നെ വേദിയൊരുക്കാന്‍ കഴിയുമായിരുന്നു.

ഏഴുകോടിയുടെ പദ്ധതി

കായികവകുപ്പിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നത്. കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് നിര്‍മ്മാണച്ചുമതല.

കഴിഞ്ഞ നവംബറിലാണ് പഴയ സിന്തറ്റിക് ട്രാക്ക് പൊളിച്ചുമാറ്റിയത്. തുടര്‍ന്ന് ടാറിംഗ് നടത്തി ആദ്യപാളി കറുത്ത സിന്തറ്റിക് വിരിച്ചു. ഇനി പശതേച്ച് രണ്ടാമത്തെ കറുത്ത സിന്തറ്റിക് പാളിയും അതിന് മുകളില്‍ ചുവന്ന സിന്തറ്റിക് പാളിയും സ്ഥാപിക്കേണ്ടതുണ്ട്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ട്രാക്ക് പൂര്‍ണമായി ഉപയോഗയോഗ്യമാകുക.


മഴയാണ് തടസ്സമെന്ന് നഗരസഭ

അതേസമയം, ട്രാക്ക് നിര്‍മ്മാണം അനാവശ്യമായി വൈകുന്നുവെന്ന ആരോപണം നഗരസഭ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ നിഷേധിച്ചു. മഴയുടെ സാഹചര്യം അനുകൂലമായാല്‍ ഒന്നരമാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ചെയര്‍പേഴ്സണ്‍  പറഞ്ഞു.

മഴ പെയ്യാതിരുന്നാല്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സ്റ്റേഡിയം ഉടന്‍ തന്നെ കായികതാരങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ കഴിയുമെന്നുമാണ് നഗരസഭയുടെ പ്രതീക്ഷ.


പരിശീലനം മുടങ്ങി; താരങ്ങള്‍ ആശങ്കയില്‍

ട്രാക്ക് നിര്‍മ്മാണം വൈകിയതോടെ സംസ്ഥാന, ദേശീയ തല മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന താരങ്ങളുടെ പരിശീലനമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. പാലായിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധി അത്‌ലറ്റിക് താരങ്ങള്‍ ദിവസേന പരിശീലനത്തിനായി സ്റ്റേഡിയത്തെ ആശ്രയിച്ചിരുന്നു.

ട്രാക്ക് പൊളിച്ചുമാറ്റിയതോടെ നിലവാരമുള്ള പരിശീലനസൗകര്യം നഷ്ടപ്പെട്ട താരങ്ങള്‍ക്ക് മറ്റ് വേദികളെ ആശ്രയിക്കേണ്ടിവരുന്നു. പ്രധാന മത്സരങ്ങള്‍ക്ക് മുന്നോടിയായി പരിശീലനത്തില്‍ ഉണ്ടാകുന്ന ഇടവേള താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരിശീലകര്‍ക്കുമുണ്ട്.

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള, വിവിധ സബ് ജില്ലാ മത്സരങ്ങള്‍, കായിക സംഘടനകളുടെ മത്സരങ്ങള്‍, മഹാത്മാഗാന്ധി സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ മത്സരങ്ങള്‍ തുടങ്ങിയവയ്ക്കും സ്റ്റേഡിയം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments