റോസിയില്ലാത്ത ''മനസ്സ്'', കവിതയ്ക്കുമപ്പുറം ഒരു ശൂന്യതയില്‍ ''ഏഴാച്ചേരി''. പ്രിയസഖിയുടെ വിയോഗത്തില്‍ വാക്കുകള്‍ മുറിഞ്ഞ് കവി




സുനില്‍ പാലാ

പ്രിയതമ റോസിയില്ലാത്ത ''മനസ്സ്'' വീട്ടില്‍ കവിതകള്‍ക്കുമപ്പുറം ഒരു ശൂന്യതയിലാണ് പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രന്‍. മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് കൈകോര്‍ത്ത് 48 വര്‍ഷം ഒരേ മനസ്സോടെ ജീവിച്ചവരാണ് രാമചന്ദ്രനും റോസിയും.

ചില വേര്‍പാടുകള്‍ക്ക് മുന്നില്‍ വാക്കുകള്‍ വഴിമാറിനില്‍ക്കും. ചില നഷ്ടങ്ങള്‍ എത്ര കവിതകള്‍കൊണ്ടും നികത്താനാവാത്ത ശൂന്യതയായി മനസ്സില്‍ അവശേഷിക്കും. ജീവിതത്തെ മുഴുവന്‍ അക്ഷരങ്ങളിലൂടെ ആവിഷ്‌കരിച്ച പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രനും ഇപ്പോള്‍ അത്തരമൊരു നിശ്ശബ്ദതയുടെ നടുവിലാണ്. 48 വര്‍ഷം ജീവിതത്തിന്റെ ഓരോ ഋതുവിലും ഒപ്പം നടന്ന പ്രിയസഖി റോസി വെള്ളിയാഴ്ച ഉച്ചയോടെ വിടപറഞ്ഞപ്പോള്‍, കവിയുടെ ജീവിതത്തില്‍ ശേഷിച്ചത് വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത വലിയൊരു ശൂന്യത.
കവിതയും പ്രഭാഷണങ്ങളും എഴുത്തും വായനയുമെല്ലാം നിറഞ്ഞ ജീവിതത്തില്‍ ഏഴാച്ചേരിക്ക് റോസി വെറുമൊരു ജീവിതപങ്കാളിയായിരുന്നില്ല; ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ തിരിച്ചെത്താവുന്ന ഇടം, മനസ്സ് തുറക്കാവുന്ന സാന്നിധ്യം, സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാവുന്ന ഏറ്റവും അടുത്ത സുഹൃത്ത്. ആ സാന്നിധ്യമാണ് വെള്ളിയാഴ്ച ഉച്ചയോടെ ഓര്‍മയായത്.




രണ്ടുപേര്‍ മാത്രം താമസിച്ച മനസ്സ്

വര്‍ഷങ്ങളായി തിരുവനന്തപുരത്തെ 'മനസ്സ്' വീട്ടിലായിരുന്നു ഏഴാച്ചേരി രാമചന്ദ്രനും റോസിയും താമസിച്ചിരുന്നത്. ഏക മകള്‍ നിഷയും മരുമകന്‍ കിരണ്‍ ജെ. നായരും കുടുംബവും കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അമേരിക്കയിലാണ്. മകളും മരുമകനും കൊച്ചുമക്കളും നാട്ടിലെത്തുന്ന ദിവസങ്ങളിലായിരുന്നു ആ വീട് ഏറ്റവും സന്തോഷം നിറഞ്ഞ ഇടമായി മാറിയിരുന്നത്. കുടുംബത്തിന്റെ ഒത്തുചേരലുകള്‍ക്കു ശേഷം വീണ്ടും പതിവ് ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ അവിടെ പരസ്പരം തുണയായത് രാമചന്ദ്രനും റോസിയും മാത്രമായിരുന്നു.
കോട്ടയം ജില്ലയിലെ പാലാ ഏഴാച്ചേരിയില്‍ ജനിച്ച രാമചന്ദ്രന്‍ പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസം. ദേശാഭിമാനിയിലെ ജോലിയുടെ ഭാഗമായി എറണാകുളത്തും ആലപ്പുഴയിലും തിരുവനന്തപുരത്തുമെല്ലാം മാറിമാറി താമസിച്ചു. ജീവിതത്തിന്റെ ആ യാത്രയ്ക്കിടയില്‍ എറണാകുളത്തുവച്ചുണ്ടായ പരിചയമാണ് റോസിയുമായുള്ള അടുപ്പത്തിലേക്ക് വളര്‍ന്നത്. പിന്നീട് അത് ജീവിതത്തെത്തന്നെ മാറ്റിമറിച്ച സ്നേഹബന്ധവും ഭാര്യ-ഭര്‍തൃബന്ധവുമായി.
റോസിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഏഴാച്ചേരി ഗ്രാമത്തില്‍നിന്ന് രാമചന്ദ്രന്റെ അടുത്ത ബന്ധുക്കള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാവിലെ പത്തുമണിയോടെ ഭൗതിക ദേഹം ഏഴാച്ചേരിയുടെ ജന്‍മനാടായ ഏഴാച്ചേരിയിലെ മാമ്പുഴയ്ക്കല്‍ വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ചിന് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments