പി.എസ്.സി. നിയമന കുംഭകോണത്തിൽ ഇന്ന് നിർണായകമാണ്. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് അന്വേഷണസംഘം ചോദ്യംചെയ്യും. തിങ്കളാഴ്ച പരീക്ഷാ കൺട്രോളറെയും ചോദ്യം ചെയ്യും.
ചെയർമാനുമായി സ്വരച്ചേർച്ചയിലല്ലാത്ത സെക്രട്ടറി തട്ടിപ്പിന്റെ വിവരങ്ങളും രേഖകളും എസ്.ഐ.ടിക്ക് മുന്നിൽ നൽകുമെന്നാണ് സൂചന. സെക്രട്ടറിയെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. നിലവിൽ പി.എസ്.സി തട്ടിപ്പിൽ നാല് കേസുകളുണ്ട്.
കൂടുതൽ കേസുകൾ ഇനിയും ഉണ്ടാവുമെന്നാണ് എസ്.ഐ.ടി പറയുന്നത്. 180പരാതികളാണുള്ളത്. സെക്രട്ടറിയെ ഒഴിവാക്കി പി.എസ്.സി ചെയർമാനും ഏതാനും അംഗങ്ങളും ചേർന്നാണ് തട്ടിപ്പുകളെല്ലാം നടത്തിയതെന്നാണ് ഏതാനും അംഗങ്ങൾ മൊഴി നൽകിയത്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യം ഈ കോക്കസാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ആരോപണം. ചെയർമാനോട് അടുപ്പമുള്ള മൂന്ന് അംഗങ്ങളാണ് ഇതിൽ പ്രധാനമായുള്ളത്. മുൻ ഇടത് യുവജനസംഘടനാ നേതാവ്, അധ്യാപകനായിരുന്ന അംഗം, കണ്ണൂർ സ്വദേശിയായ മറ്റൊരംഗം എന്നിവർക്കെതിരേയാണ് മൊഴികളുള്ളതെന്നാണ് സൂചന. പരീക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരും അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഉൾപ്പെടെയുള്ള ഒരു സംഘം ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരിയാണ് ചെയർമാൻ മൊഴി നൽകിയിരിക്കുന്നത്. മൂല്യനിർണയത്തിൻ്റെ പൂർണ അധികാരി അഡീഷണൽ സെക്രട്ടറി ഹരിയാണ്. പ്ലാനിംഗ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്കായിരുന്നില്ല അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിച്ചത്. പരാതികളിൽ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തൻ്റെ കൈവശം പരാതി ലഭിച്ചപ്പോൾ കോടതിയിൽ കേസുകൾ വന്നുവെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എംആർ ബൈജുവിന്റെ മൊഴിയിലുണ്ട്. കമ്പ്യൂട്ടറിൽ മൂല്യനിർണയം പൂർത്തിയായാൽ അതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ക്ലോസ് ആകും. അതിൽ ഒരു ക്രമക്കേടിനും സാദ്ധ്യതയില്ലെന്നും ചെയർമാൻ മൊഴി നൽകിയിട്ടുണ്ട്. ഇതിലെ വസ്തുത തേടിയാണ് ഇന്ന് സെക്രട്ടറിയെ ചോദ്യംചെയ്യുക. ഇന്നലെ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഹരിയെ ഇന്നലെ കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിൻറെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നീക്കങ്ങളെക്കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകനാണ് എസ്.ഐ.ടിക്ക് വിവരം നൽകിയത്. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.
ചെയർമാൻ എംആർ ബൈജുവിൻറെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ആസൂത്രണബോർഡിലെ പരീക്ഷയ്ക്കുകൂടാതെ മൂന്നുകേസുകൂടി രജിസ്റ്റർചെയ്തതോടെ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിപുലീകരിച്ചു. മൂന്ന് കേസിന്റെയും ചുമതല മൂന്ന് ഉദ്യോഗസ്ഥർക്ക് നൽകി. ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ പരീക്ഷാക്രമക്കേട് അന്വേഷണച്ചുമതല എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. പി.എസ്. ഷാഹുൽ ഹമീദിനാണ്. ഖാദി ബോർഡിലേക്കുള്ള വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷയിലെ അന്വേഷണം തിരുവനന്തപുരം എസ്.പി. വി.ജി. രവീന്ദ്രനാഥിനും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയുടെ അന്വേഷണം തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഡിവൈ.എസ്.പി. പി.എസ്. പ്രദീപ് കുമാറിനുമാണ്.
70 12 23 03 34




0 Comments