ചാച്ചാജി തൊപ്പിയണിഞ്ഞ് പ്രിൻസിപ്പാൾ; ശിശുദിനാഘോഷത്തിന് വേറിട്ട സന്ദേശമായി നൗഫൽ മാഷിന്റെ മാതൃക


ചാച്ചാജി തൊപ്പിയണിഞ്ഞ് പ്രിൻസിപ്പാൾ; ശിശുദിനാഘോഷത്തിന് വേറിട്ട സന്ദേശമായി നൗഫൽ മാഷിന്റെ മാതൃക

  നെഹ്റു തൊപ്പിയണിയാൻ മടിച്ചുനിന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ മാതൃകയായി ചാച്ചാജി തൊപ്പിയണിഞ്ഞ് പുതുതായി ചുമതലയേറ്റ പ്രിൻസിപ്പാൾ. 


ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശിശുദിനാഘോഷത്തിലാണ് പ്രിൻസിപ്പാൾ നൗഫൽ എയുടെ വേറിട്ട പ്രവർത്തനം ശ്രദ്ധേയമായത്.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ വിദ്യാർത്ഥികൾക്കായി നെഹ്റു തൊപ്പികൾ തയ്യാറാക്കിയിരുന്നു. 


എന്നാൽ മുതിർന്ന വിദ്യാർത്ഥികളായതിനാൽ തൊപ്പി ധരിക്കാൻ പലർക്കും മടിയായിരുന്നു. ഇതു മനസ്സിലാക്കിയ പ്രിൻസിപ്പാൾ നൗഫൽ എ ഒരു നെഹ്റു തൊപ്പി ഏറ്റുവാങ്ങി സ്വയം ധരിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അസംബ്ലിയിലുടനീളം ചാച്ചാജി തൊപ്പിയണിഞ്ഞ് ശിശുദിന സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പാളിന്റെ ഈ പ്രവൃത്തി വിദ്യാർത്ഥികൾക്കിടയിൽ കൗതുകവും ആവേശവും പകർന്നു.


നാം പുഞ്ചിരിക്കാൻ പഠിക്കണമെന്നും മറ്റുള്ളവർക്ക് നൽകുന്ന ആശംസകൾ പോലും അവരിൽ വലിയ പ്രതീക്ഷയും ഉത്സാഹവും നിറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വഗുണവും പ്രസരിപ്പും യുവതലമുറയിൽ വളർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ ടീച്ചിങ് എയ്ഡിൽ ഒന്നാം സ്ഥാനം നേടിയ മനോജ് ടി. ബെഞ്ചമിനെ ആദരിച്ചു. റഷ്യയിൽ നടന്ന അണ്ടർ-19 മൈക്രോ ഫുട്സാൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രാജ്യാന്തര തലത്തിൽ അഞ്ചാം സ്ഥാനം നേടിയ പ്രിയോൺ, രാജൻ, അജ്വാദ് പി.പി എന്നിവരെയും ശാസ്ത്രമേള, കലോത്സവം തുടങ്ങിയവയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.

പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശം വാക്കുകളിൽ മാത്രം ഒതുക്കാതെ സ്വന്തം പ്രവൃത്തിയിലൂടെ മാതൃകയാക്കിയ പ്രിൻസിപ്പാളിന്റെ നടപടി ശിശുദിനാഘോഷത്തിന് കൂടുതൽ ഹൃദ്യമായ അനുഭവമായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments