വനമേഖലകളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മറ്റ് മാലിന്യങ്ങളും തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കി വനംവകുപ്പ്.

 

സംരക്ഷിത വനമേഖലകളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മറ്റ് മാലിന്യങ്ങളും തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കി വനംവകുപ്പ്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കും. ഡിസംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കമ്മ്യൂണിറ്റി റിസർവുകൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളിലാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. 


 ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാം. പിഴയടയ്ക്കാൻ തയ്യാറാകാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. 


വിനോദസഞ്ചാരികൾക്ക് പുറമേ, വനത്തിനുള്ളിലെ ജനവാസ മേഖലകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി സംരക്ഷിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കും ഈ നിയമം ബാധകമായിരിക്കും.പിഴയായി ലഭിക്കുന്ന തുക സംരക്ഷിത വനമേഖലകൾ ശുചീകരിക്കുന്നതിനായി മാത്രമേ ഉപയോഗിക്കൂ. വനസന്ദർശകർ ഉപേക്ഷിച്ചു പോകുന്ന ആഹാരാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കഴിക്കുന്നത് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് വലിയ ഭീഷണിയാകുന്നുണ്ട്. 


ഇത് വനത്തിലെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നത്. സംരക്ഷിത പ്രദേശങ്ങളിൽ ഹരിതചട്ടം  പൂർണ്ണമായും നടപ്പാക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ്, ഇ.ഡി.സി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതായിരിക്കും ഈ സമിതി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments