ശ്രീ ശാരദാദേവിയുടെ പവിത്ര മണ്ണില്‍ ഏഴാച്ചേരികാവിന്‍ പുറം ക്ഷേത്രത്തില്‍ അക്ഷരമെഴുതാം.... പാരമ്പര്യ രീതിയിലുള്ള മണലില്‍ എഴുത്തിന് ഉമാമഹേശ്വര സന്നിധി ഒരുങ്ങി





സ്വന്തം ലേഖകന്‍


ശിവഗിരിയില്‍ വാഴുന്ന അക്ഷരസ്വരൂപിണി ശ്രീശാരദാദേവിയുടെ ചൈതന്യം നിറഞ്ഞ പവിത്രമണ്ണില്‍ അക്ഷരമെഴുതാന്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങി. 

വിജയദശമി നാളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന് വിരിക്കുന്നത് ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി പുണ്യപ്രസിദ്ധമായ ശിവഗിരി ശാരദാക്ഷേത്രാങ്കണത്തിലെ പഞ്ചാരമണലാണ്. 

ലക്ഷക്കണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ശാരദാദേവിക്ഷേത്ര സന്നിധിയിലെ പഞ്ചാരമണല്‍ ഇന്നലെ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയില്‍ നിന്ന് കാവിന്‍പുറം ക്ഷേത്രപ്രതിനിധികളായ ശ്രീജ സുനില്‍, എസ്. അഭിനവ് കൃഷ്ണ, മല്ലികശ്ശേരി എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് രാജന്‍ ഈട്ടിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

അറിവിന്റെ ദേവതയായ ശാരദാംബയുടെ സന്നിധിയിലെ പവിത്രമണല്‍ പുണ്യപ്രസിദ്ധമായ കാവിന്‍പുറം ക്ഷേത്രത്തിലേക്ക് വിദ്യാരംഭത്തിനായി കൊടുത്തയക്കുന്നതില്‍  വളരെയധികം സന്തോഷമുണ്ടെന്ന് സ്വാമി ഋതംബരാനന്ദ പറഞ്ഞു.

ഇതോടൊപ്പം കാവിന്‍പുറം ക്ഷേത്രത്തില്‍ തൂലികാ പൂജയും പൂജിച്ച പേനകളുടെ സൗജന്യവിതരണവും ഉണ്ട്. പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കാന്‍ നൂറുകണക്കിന് ആളുകളാണ് വിജയദശമി നാളില്‍ കാവിന്‍പുറത്ത് എത്തിച്ചേരാറുള്ളത്. ഏതെങ്കിലും പവിത്ര ക്ഷേത്രസന്നിധിയിലെ മണല്‍ വിരിച്ചാണിവിടെ ഭക്തര്‍ ഹരിശ്രീ കുറിക്കുന്നത്. ഇത്തവണ ഇതിനായി ശാരദാദേവി ക്ഷേത്രത്തിലെ മണ്ണാണ് എത്തിക്കുന്നത്. 

1912-ലാണ് അറിവിന്റെ ദേവതയായ ശാരദാദേവിയെ ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ചത്. ചിത്രപൗര്‍ണ്ണമി നാളിലായിരുന്നു പ്രതിഷ്ഠ. 

നവരാത്രിയോടനുബന്ധിച്ചുള്ള തൂലികാ പൂജയും പൂജവയ്പും ഒക്ടോബര്‍ 2 ന് ഞായറാഴ്ച വൈകിട്ട് 6 ന് കാവിന്‍പുറം ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്വരസ്വതീ മണ്ഡപത്തില്‍ ആരംഭിക്കും. 

ഗ്രന്ഥം പൂജയ്ക്ക് സമര്‍പ്പിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൂലികാ പൂജയ്ക്ക് ശേഷം പേനകള്‍ പ്രസാദമായി വിതരണം ചെയ്യും. പതിവുപോലെ തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് ഇത്തവണയും വഴിപാടായി തൂലിക സമര്‍പ്പിക്കുന്നത്. വിജയദശമി നാളില്‍  സവിശേഷമായ മധുരഫല മഹാനിവേദ്യ സമര്‍പ്പണവും വിതരണവുമുണ്ട്. എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും അവല്‍പ്രസാദവും നല്‍കും. 





തൂലികാ പൂജയ്ക്ക് മേല്‍ശാന്തി വടക്കേല്‍ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇത്തവണ പ്രശസ്ത കവി ആര്‍.കെ. വള്ളിച്ചിറയാണ് മണലിലെഴുത്തിന്റെ ആചാര്യസ്ഥാനം വഹിക്കുന്നത്. 




തൂലികാ പൂജയ്ക്കും പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കുന്നതിനും മുന്‍കൂര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 9745260444.

Post a Comment

0 Comments