സുനിൽ പാലാ
പാലാ നഗരസഭയിലെ ആരോഗ്യ മേഖലയില്‍ വിനിയോഗിക്കാന്‍ ഒരു കോടി 69 ലക്ഷം രൂപാ കേന്ദ്ര സഹായം. ഇതിന്റെ ആദ്യഗഡുവായി 82 ലക്ഷം രൂപാ നഗരസഭയില്‍ എത്തിക്കഴിഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയില്‍ വിനിയോഗിക്കാനുള്ള തുകയാണിത്. ഇതിനായി പാലാ നഗരസഭയില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും ''കേരള കൗമുദി''-യോട് പറഞ്ഞു.
നഗരസഭയിലെ പരുമലക്കുന്ന് ഡേവീസ് നഗറിലുള്ള നഗരസഭയുടെ കെട്ടിടം ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ആക്കുക എന്നതാണ് പ്രധാന തീരുമാനം. ഈ സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങും.
ഓരോ ആഴ്ചയും ഓരോ വിദഗ്ധ ഡോക്ടര്‍മാരെ ഈ സെന്ററില്‍ നിയോഗിച്ചുകൊണ്ട് രോഗികള്‍ക്ക് ആശ്വാസം എത്തിക്കാനും നഗരസഭ ലക്ഷ്യമിടുന്നു. ജീവിത ശൈലി രോഗനിര്‍ണ്ണയത്തിനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ മദര്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത്, ഗര്‍ഭിണികള്‍ക്കുള്ള പ്രാഥമിക ചികിത്സകള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നു. ഇതോടനുബന്ധിച്ച് കാര്‍ഡിയോളജി, നെഫ്രോളജി മുതലായ സ്‌പെഷ്യലിറ്റി സേവനങ്ങളും നല്‍കും.
ആരോഗ്യകരമായ ഭക്ഷണശീലം, ശുചിത്വം, വ്യായാമം എന്നിവയ്ക്കായി വിദഗ്ധരുടെ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. ഇതോടൊപ്പം രോഗ നിര്‍ണ്ണയ ക്യാമ്പുകളുമുണ്ടാകും. പരുമലക്കുന്നിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിനൊപ്പം ജനസാന്ദ്രത കൂടിയ മേഖലയില്‍ മറ്റൊരു ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററും ആരംഭിക്കും.
0 Comments