ഉദ്യോഗസ്ഥർ പറഞ്ഞു, പിന്നെ പിഴുതെറിഞ്ഞു, ആ പൂന്തോട്ടം.... ഇത്ര മനോഹരമായ ഉദ്യാനം കണ്ടാല്‍ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നിങ്ങള്‍ക്കെന്താണിത്ര ബുദ്ധിമുട്ട്. നാട്ടുകാര്‍ വെള്ളവും വളവും കൊടുത്ത് നട്ട് പരിപാലിച്ച പൂച്ചെടികള്‍ ഒറ്റ നിമിഷംകൊണ്ട് പിഴുതെറിയാന്‍ നിങ്ങള്‍ക്കെങ്ങനെ മനസ്സുവന്നു. ഇത് കേട്ടപ്പോള്‍ വകുപ്പ് മന്ത്രി പോലും പറഞ്ഞല്ലോ വളരെ മോശമായിപ്പോയെന്ന്.




സുനിൽ പാലാ

മേലുകാവ് പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്റെ കീഴിലുള്ള രാമപുരം - കുറിഞ്ഞി റോഡ് ഇന്നലെ വരെ പല ഭാഗങ്ങളിലുള്ള ഉദ്യാനംകൊണ്ട് മനോഹരമായിരുന്നു. ഗ്രാമീണ മേഖലയിലൂടെ തണുപ്പും, പൂക്കളുടെ സൗരഭ്യവും മനോഹാരിതയും നുകര്‍ന്നുള്ള യാത്ര എല്ലാവര്‍ക്കും ഹൃദ്യമായിരുന്നു. പക്ഷേ ഇന്നലെ ഇതെല്ലാം അവസാനിച്ചു.  റോഡിന്റെ സൈഡിലെ കാട്ടുപള്ളകള്‍ വെട്ടാന്‍ വന്ന തൊഴിലാളികള്‍ ഈ പൂച്ചെടികളും പറിച്ചെറിഞ്ഞു. ഇത്രനാള്‍ നട്ടുവളര്‍ത്തിയ നാട്ടുകാരും വീട്ടുകാരും പരാതിപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഇത് കളയുന്നതെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. 




ഇതേ തുടര്‍ന്ന് മുന്‍പഞ്ചായത്ത് മെമ്പര്‍ ജീനസ് നാഥ് ഉള്‍പ്പെടെയുള്ള പലരും മേലുകാവ് പി.ഡബ്ല്യു.ഡി. അധികാരികളെ വിളിച്ചു. റോഡുസൈഡില്‍ പൂക്കള്‍ നടാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത് എന്നായിരുന്നു അവരുടെ മറുചോദ്യമെന്ന് വിളച്ചവര്‍ പറയുന്നു. റോഡുവക്കില്‍ ഇങ്ങനെ ഒരു ഉദ്യാനമുണ്ടാക്കാന്‍ അനുമതിയില്ലായെന്നായിരുന്നു അധികാരികളുടെ വാദം. 

മന്ത്രി പറഞ്ഞു; വളരെ മോശമായിപ്പോയി

ഒടുവില്‍ സഹികെട്ട് നാട്ടുകാര്‍ പി.ഡബ്ല്യു.ഡി മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു; ''വളരെ മോശമായിപ്പോയി. കേസെടുക്കാന്‍ പറയാം'' എന്നായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണമെന്ന് വിളിച്ചവര്‍ പറയുന്നു. തുടര്‍ന്ന് മന്ത്രി പി.ഡബ്ല്യു.ഡിയുടെ പരാതി പരിഹാര സെല്ലിന്റെ നമ്പര്‍ നല്‍കുകയും അവിടെ വിളിച്ച് പരാതിപ്പെടാന്‍ പറയുകയും ചെയ്തു. താന്‍ നേരിട്ട് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ വിളിച്ചുകൊളളാമെന്ന് മന്ത്രി അറിയിച്ചതായും പരാതിക്കാര്‍ പറയുന്നു. .




എന്തായാലും യാത്രക്കാരുടെ കാഴ്ചയ്ക്ക് കുളിര്‍മയേകിയുരുന്ന പൂന്തോട്ടം ഇന്ന് നാമാവശേഷമായി കഴിഞ്ഞു





റോഡ് ക്ലിയര്‍ ചെയ്യുമ്പോള്‍ ഇതെല്ലാം പോകും - പി.ഡബ്ല്യു.ഡി. അസി. എഞ്ചിനീയര്‍

റോഡ് ക്ലിയര്‍ ചെയ്യാന്‍ താനാണ് ഉത്തരവ് കൊടുത്തതെന്ന് പി.ഡബ്ല്യു.ഡി മേലുകാവ് അസി. എഞ്ചിനീയര്‍ ഷൈന്‍ പോള്‍ പറഞ്ഞു. ഇങ്ങനെ റോഡ് ക്ലിയര്‍ ചെയ്യുമ്പോള്‍ റോഡുവക്കിലുള്ള ചെടികള്‍, കൃഷികള്‍, കാട്ടുപള്ളകള്‍ എല്ലാം നീക്കും. ഒരു റോഡിന് മാത്രമായി പൂന്തോട്ടം സ്ഥാപിക്കാന്‍ അനുമതി കൊടുക്കാന്‍ കഴിയില്ലെന്നും എഞ്ചിനീയര്‍ പറയുന്നു.



താന്‍ ഈ സ്ഥലം ഇതേവരെ കണ്ടിട്ടില്ല. എന്നാല്‍ വീതി കുറഞ്ഞ റോഡാണെന്നാണ് മനസ്സിലാക്കുന്നതെന്നും അസി. എഞ്ചിനീയര്‍ ഷൈന്‍ പോള്‍ പറയുന്നു. ടാറിംഗ് ഭാഗം കഴിഞ്ഞാല്‍ റോഡിന് വീതി വളരെ കുറവാണ്.

Post a Comment

0 Comments