യെസ് വാർത്ത ക്രൈം ബ്യൂറോ
പൈകയില്‍നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപാ തട്ടിയെടുത്ത കേസില്‍ പിടിയിലായത് ''പൊന്‍മാന്‍ റോയി''.
ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങുന്നവരെ നോക്കിവച്ച് പൊന്‍മാന്‍ മീന്‍പിടിക്കുന്നതുപോലെ പണം തട്ടിയെടുക്കുന്ന വിരുത് കാണിക്കുന്ന തൃശ്ശൂര്‍ പട്ടിക്കാട് ചാലിയില്‍ റോയിച്ചനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് "പൊന്‍മാന്‍ റോയി " എന്നാണ് അറിയപ്പെടുന്നത്.
പാലാ സി.ഐ. കെ.പി. ടോംസണിന്റെയും എസ്.ഐമാരായ എം.ഡി. അഭിലാഷിന്റെയും ഷാജി സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ മൂന്ന് രാവും പകലും ഉറക്കമൊഴിഞ്ഞ് നടത്തിയ പരിശ്രമത്തെ തുടർന്നാണ് പൊന്‍മാൻ കൂട്ടിലായത്.
പൈകയില്‍ നിന്ന് പണവുമായി ബൈക്കില്‍ മടങ്ങിയ റോയി പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലും കുരിശുപള്ളി ജംഗ്ഷനിലും കിഴതടിയൂര്‍ ജംഗ്ഷനിലും എത്തിയത് പാലാ പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി.യില്‍ നിന്ന് അന്വേഷണ സംഘം വ്യക്തമായി മനസ്സിലാക്കി.
അവിടെ നിന്ന് രാമപുരം റൂട്ടിലേക്ക് യൂടേണ്‍ തിരിഞ്ഞ് പോയ റോയി ചക്കാമ്പുഴ വഴി രാമപുരത്തെത്തി ഫെഡറല്‍ ബാങ്കില്‍ 80000 രൂപ നിക്ഷേപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വരെ പോലീസ് ശേഖരിച്ചു. ഇതിനായി 73 സിസിടിവി ദൃശ്യങ്ങളാണ് കണ്ണിമചിമ്മാതെ പോലീസ് കണ്ടുതീര്‍ത്തത്.
പാലാ നഗരസഭാധികൃതർ സ്ഥാപിച്ച സി.സി.ടി.വി. സൗകര്യങ്ങളും രാമപുരം പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി.യും അന്വേഷണത്തിന് പൊലീസിന് ഒരു പാട് സഹായമായി.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി സമാനമായ 25 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതില്‍ 16 കേസുകള്‍ തീര്‍പ്പ് കല്പിച്ചതാണ്.
9 കേസുകള്‍ നിലവില്‍ നടക്കുന്നുണ്ട്. ഏതാനും നാള്‍മുമ്പ് തൊടുപുഴയില്‍ ബാങ്കില്‍ നിന്നിറങ്ങിയ ആളില്‍ നിന്നും 4 ലക്ഷം രുപം തട്ടിയതും രാമപുരത്തെ ഒരു ബാങ്കില്‍ നിന്നും ഇറങ്ങിയ ആളില്‍ നിന്നും 2 ലക്ഷം രൂപ വിദഗ്ധമായി തട്ടിയെടുത്തതും പൊന്‍മാന്‍ റോയിയാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
ഇപ്രകാരം തട്ടിയെടുക്കുന്ന പണം ആർഭാടമായ ജീവിതത്തിനാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. അടുത്തകാലത്തായി ഒരു കാറിന് അഡ്വാന്‍സും കൊടുത്തിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
പാലാ സി.ഐക്കും എസ്.ഐമാര്‍ക്കും പുറമേ എ.എസ്.ഐ. ബിജു കെ. തോമസ്, പോലീസുകാരായ രഞ്ജിത്ത് ബാലകൃഷ്ണന്‍, ജോഷി, ജസ്റ്റിന്‍, സുമീഷ് മാക്മില്ലന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്..
0 Comments