കൊച്ചിടപ്പാടി കവീക്കുന്ന് റോഡ്. "26 വാര്‍ഡുകളും എനിക്ക് ഒരു പോലെ. ഒരു കാരണവശാലും ഞാന്‍ പക്ഷപാതം കാണിക്കില്ല." വികാരാധീനനായി പാലാ നഗരസഭ ചെയര്‍മാന്‍. പ്രതിപക്ഷത്തിന്റേത് മുനയൊടിഞ്ഞ വാദമായി. "യെസ് വാര്‍ത്ത " കൗൺസിൽ യോഗത്തിൽ ചര്‍ച്ചയായി.





സ്വന്തം ലേഖകന്‍

ഇന്ന് വൈകിട്ട് ചേര്‍ന്ന പാലാ നഗരസഭാ യോഗത്തില്‍ കൊച്ചിടപ്പാടി - കവീക്കുന്ന് റോഡ് വിഷയം വീണ്ടും ചര്‍ച്ചയായപ്പോഴാണ് ചെയര്‍മാന്റെ പ്രതികരണം വന്നത്. 

ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രൊഫ. സതീശ് ചൊള്ളാനി കൗണ്‍സില്‍ യോഗം തുടങ്ങുംമുമ്പ് ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. 

"എന്തായാലും  കൊച്ചിടപ്പാടി - കവീക്കുന്ന് റോഡുപണി മുടങ്ങരുത്. ചെയര്‍മാന്‍ ഇക്കാര്യത്തില്‍ റേറ്റ് പുതുക്കി കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം'' -പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.  



''കഴിഞ്ഞദിവസം "യെസ് വാര്‍ത്ത " യിലൂടെ വാര്‍ഡ് കൗണ്‍സിലറും പ്രതിപക്ഷവും നടത്തിയ വെല്ലുവിളിയൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ. പ്രൊഫ. സതീശ് ചൊള്ളാനിയുടെ വാക്കുകള്‍ മയപ്പെട്ടത് നന്നായി'' -ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു. 

കൊച്ചിടപ്പാടി റോഡ് വിഷയത്തില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് വാര്‍ഡ് കൗണ്‍സിലറാണ് തീരുമാനിക്കേണ്ടത്. തുക പുതുക്കി കൊടുക്കണമെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍ അപേക്ഷ നല്‍കണം. അപ്പോള്‍ ആ വിഷയം പരിഗണിക്കാമെന്നായി ചെയര്‍മാന്‍.
 
"ഈ റോഡുമായി ബന്ധപ്പെട്ട് എനിക്കാരും പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയെന്നും പരിശോധിക്കാന്‍ സമയം വേണമെന്നും കൗണ്‍സിലില്‍ ആവശ്യപ്പെട്ടത് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദാണ്''- ചെയര്‍മാന്‍ ആന്റോ ജോസ് ചൂണ്ടിക്കാട്ടി. 

ഇതേ സമയം തനിക്കൊരു പരാതി കിട്ടിയിരുന്നുവെന്നും അതിന്റെ ഫയല്‍ പരിശോധിക്കുന്നതിനുവേണ്ടി ഈ വിഷയം ഒന്നു മാറ്റിവയ്ക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടൊള്ളൂവെന്നും ഇതിനർത്ഥം റോഡ് പണി നടത്തരുത് എന്നല്ലെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് പറഞ്ഞു. പരാതി പുറത്തു വിടൂവെന്ന് വാർഡ് കൗൺസിലർ സിജി ടോണി ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും അതാരും കേട്ട മട്ട് കാണിച്ചില്ല.

ടെക്‌നിക്കലായി എന്തെങ്കിലും പിഴവുകള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊക്കെ മറന്ന് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു പ്രതിപക്ഷത്തെ വി.സി. പ്രിന്‍സിന്റെ അഭിപ്രായം. ഇതോട് ചെയര്‍മാനും യോജിച്ചു. 

കഴിഞ്ഞ ദിവസം കൊച്ചിടപ്പാടി റോഡിന്റെ കാര്യത്തില്‍ സമരവും മറ്റും നടത്തിയ പ്രതിപക്ഷം ഇന്ന് ചേര്‍ന്ന കൗണ്‍സിലില്‍ പക്ഷേ വേണ്ടത്ര ശോഭിച്ചില്ല എന്നതാണ് വാസ്തവം. വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി ആദ്യം ചെയര്‍മാനുമായും പിന്നീട് ഭരണപക്ഷത്തെ ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട് എന്നിവരുമായും ഇക്കാര്യത്തില്‍ വാക്കുതര്‍ക്കം ഉണ്ടാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. 

സിജിയെ സഹായിക്കാന്‍ ഒരുവേള മായ രാഹുലും എഴുന്നേറ്റു. പ്രൊഫ. സതീശ് ചൊള്ളാനി നിരന്തരം കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അതും വേണ്ടവിധം ഭരണനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.




ഒടുവില്‍, റോഡ് പണിക്ക് തുക പുതുക്കി കൊടുക്കാന്‍ ചെയര്‍മാന്‍ തയ്യാറാകണമെന്ന പ്രൊഫ. സതീശ് ചൊള്ളാനിയുടെ ആവശ്യത്തോട് ചെയര്‍മാന്‍ ആന്റോ ജോസും അനുകൂലിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അപേക്ഷ നല്‍കിയാല്‍ അപ്പോള്‍ ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് ചെയര്‍മാന്‍ പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് ഒരുവിധം പരിഹാരമായി. 

തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലുള്ള അമര്‍ഷവും വേദനയും ചെയര്‍മാന്റെ വാക്കുകളിലുണ്ടായിരുന്നു.   



പാലാ നഗരസഭയുടെ സത്‌പേരിന് തന്നെ കളങ്കം വരുത്തുന്ന നടപടയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. വികസനകാര്യത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന ചെയര്‍മാന്റെ നിര്‍ദ്ദേശത്തോട് ഏറെക്കുറെ യോജിച്ച മട്ടിലായി പ്രതിപക്ഷവും.

Post a Comment

0 Comments