സ്വന്തം ലേഖകൻ
പാലാ നഗരത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ അഭിമാനസ്തംഭമാകാന്‍ അമ്പലപ്പുറത്തുകാവ് ശ്രീഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പൊളിച്ച് ഇരട്ട ശ്രീകോവിലോടുകൂടി മനോഹരമാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പുത്തൂര്‍ പരമേശ്വരന്‍ നായര്‍, അഡ്വ. രാജേഷ് പല്ലാട്ട്, നാരായണന്‍ കുട്ടി അരുണ്‍നിവാസ് എന്നിവര്‍ പറഞ്ഞു.
നിലവില്‍ ദുര്‍ഗാദേവിക്ക് പ്രാധാന്യമുള്ള ശ്രീകോവിലാണ് നിലനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോതിഷപണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രികളും പിന്നീട് 2017 ല്‍ പത്മനാഭ ശര്‍മ്മയും നടത്തിയ ദേവപ്രശ്‌നത്തില്‍ ഇവിടെ ഭദ്രകാളിക്കുകൂടി തുല്യപ്രാധാന്യമുള്ള ശ്രീകോവില്‍ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലാണ് ഭദ്രകാളി പ്രതിഷ്ഠയുള്ളത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ഭദ്രകാളിക്കായിരുന്നു പ്രാധാന്യം. എന്നാല്‍ പിന്നീട് ഒരു ജനസമൂഹത്തിന്റെ ഭരണത്തില്‍ ക്ഷേത്രമെത്തുകയും ദുര്‍ഗ്ഗയ്ക്ക് പ്രാധാന്യം നല്‍കുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഒട്ടേറെ അനിഷ്ടകരമായ കാര്യങ്ങള്‍ ഉണ്ടായതായി വിശ്വാസികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവപ്രശ്‌നം നടത്തിയത്.
വിശാലമായ ഇരട്ട ശ്രീകോവിലും ചുറ്റമ്പലവും ആണ് നിര്‍മ്മിക്കുന്നത്. ഇതിനായി ഒരു കോടിയില്‍പരം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഇരട്ട ശ്രികോവിലുകള്‍ക്ക് മാത്രമായി 60 ലക്ഷം രൂപ വേണ്ടിവരും.
ചുറ്റമ്പലത്തിന്റെ പ്രദക്ഷിണ വഴിക്കായി അടുത്തുള്ള സ്ഥലമുടമയോട് അടുത്തിടെ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ കുറച്ച് സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. ഇതോടെ സ്ഥലപരിമിതി എന്ന പ്രശ്‌നം ഒഴിവായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രം വലിയൊരു വിഭാഗം വിശ്വാസികള്‍ തങ്ങളുടെ അഭയസ്ഥാനമായി കരുതുന്നു. നവരാത്രി മഹോത്സവം ഇവിടെ ഏറെ വിശേഷപ്പെട്ടതാണ്. ഇത്തവണയും വിപുലമായ പരിപാടികളോടെയാണ് നവരാത്രി ആഘോഷം നടത്തിയത്.
ഭക്തജനങ്ങളുടെ സഹായത്തോടെ അടുത്ത നവരാത്രിക്ക് മുമ്പായി ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ കഴിയുമെന്നാണ് ക്ഷേത്രോപദേശക സമിതി ഭാരവാഹികളുടെ പ്രതീക്ഷ.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments