പാഞ്ഞ് വാഹനങ്ങൾ, ഭയന്ന് യാത്രക്കാർ.... ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ 3 മാസത്തിനിടെ 21 അപകടങ്ങൾ .....






സുനിൽ പാലാ

അമ്പമ്പോ, ചോരപ്പുഴയൊഴുക്കാൻ ഒരു റോഡ്. അധികാരികളാകട്ടെ വെറും കാഴ്ചക്കാരും !

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പാലായ്ക്കും ഏറ്റുമാനൂരിനും ഇടയില്‍ അപകടങ്ങളുടെ പരമ്പര അരങ്ങേറുകയാണ്. 

കഴിഞ്ഞ മൂന്നുമാസത്തിനിടെ ചെറുതും വലുതുമായ  21 അപകടങ്ങളാണ് ഈ റൂട്ടിൽ  ഉണ്ടായത്. പാലാ-കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് ഈ അപകടപരമ്പര. 

ഇന്നലെ കിടങ്ങൂരിൽ വീട്ടമ്മ ബസ് തട്ടി മരിച്ച സംഭവമാണ് ഒടുവിലത്തേത്. ഈ അപകടത്തിന്റെ ചൂടാറും മുമ്പേ ചേര്‍പ്പുങ്കല്‍ ഇന്ത്യാര്‍ ഫാക്ടറിക്ക് സമീപം നിര്‍ത്തിയിട്ട ബസിനടിയിലേക്ക് ബൈക്ക് പാഞ്ഞുകയറി രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഭാഗ്യംകൊണ്ടാണ് ഇവര്‍ മാരക പരിക്കില്‍നിന്ന് രക്ഷപ്പെട്ടത്. 





കഴിഞ്ഞ ദിവസം ഹൈവേ ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ ബൈക്ക് കാറിലും ഡിവൈഡറിലും  ഇടിച്ച് തലകുത്തി മറിഞ്ഞ സംഭവമുണ്ടായി. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. 

ഹൈവേയുടെ ഭാഗമായ പുലിയന്നൂര്‍ ജംഗ്ഷനില്‍ ഒരുമാസം മുമ്പ് ഒരേ ദിവസമുണ്ടായ രണ്ട് അപകടങ്ങളില്‍  രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

വീതിയും മിനുസവുമുള്ള ഹൈവേയില്‍ വാഹനങ്ങളുടെ അമിതവേഗതയും  ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ്  മിക്ക അപകടങ്ങള്‍ക്കും കാരണം. നിയമപാലകര്‍ പലപ്പോഴും ഹൈവേ പട്രോളിങ് നടത്താറുണ്ടെങ്കിലും അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ  നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.




ഈ റൂട്ടില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടവും പതിവാണ്. കാല്‍നട യാത്രക്കാര്‍ക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട്. ജീവന്‍ കൈയില്‍ പിടിച്ചാണ് റോഡ് ഒന്ന് കുറുകെ കടക്കുന്നത്. സദാസമയവും തലങ്ങുംവിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുകയാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലെന്നും  ആക്ഷേപമുയർന്നിട്ടുണ്ട്.





പാലായിൽ അടുത്തിടെ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നെങ്കിലും ഇതിലെടുത്ത തീരുമാനങ്ങളും നടപ്പിലായിട്ടുമില്ല.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34




Post a Comment

0 Comments