കൊഴുവനാൽ പന്ന്യാമറ്റം കോളനി നവീകരണത്തിന് സ്വകാര്യവ്യക്തികള്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കി.... പദ്ധതികള്‍ മുടക്കാന്‍ പഞ്ചായത്ത് പ്രസിഡൻ്റ് തുടർച്ചയായി ശ്രമിച്ചു.... ആരോപണങ്ങളുമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോൻ മുണ്ടയ്ക്കൽ

 


സ്വന്തം ലേഖകൻ

കൊഴുവനാല്‍ പഞ്ചായത്തിലെ പന്ന്യാമറ്റം പട്ടികജാതി കോളനി റോഡ് നവീകരിക്കുന്നതിനായി പരിസരവാസികള്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കുകയായിരുന്നുവെന്നും അവിടെയാണ് റോഡ് സംരക്ഷണത്തിനായി കരിങ്കല്‍ക്കെട്ട് നിര്‍മ്മിച്ചതെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ വിശദീകരിക്കുന്നു.


ജില്ലാ പഞ്ചായത്തില്‍ നിന്നും താന്‍ അനുവദിച്ച 25 ലക്ഷം രൂപാ ഉപയോഗിച്ചാണ് പട്ടികജാതി കോളനിയായ പന്ന്യാമറ്റത്തേക്കുള്ള റോഡ് വിപുലീകരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ തുടര്‍ന്നു.

കഴിഞ്ഞ ഒന്‍പത് മാസമായി ഈ റോഡിന്റെ പണികള്‍ ആരംഭിക്കുകയും നാല് മാസം മുമ്പ് കല്‍ക്കെട്ട് നിര്‍മ്മിക്കുകയും ചെയ്തിട്ടും ആ വാര്‍ഡിലെ മെമ്പറായ പഞ്ചായത്ത് പ്രസിഡന്റ് ഇതൊന്നുമറിഞ്ഞില്ലായെന്നുള്ളത് വിചിത്രമാണ്. ഇപ്പോള്‍ ജില്ലാപഞ്ചായത്തിന്റെ പദ്ധതി അട്ടിമറിക്കുന്നതിനാണ് പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ട് വന്നിട്ടുള്ളത്. തികച്ചും രാഷ്ട്രീയ ശത്രുതയാണ് ഇതിന് പിന്നിലുള്ളതെന്നും ജോസ് മോൻ കുറ്റപ്പെടുത്തുന്നു.

നേരത്തെ പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾ രാജിൻ്റെ വാര്‍ഡില്‍തന്നെ ബാഡ്മിന്റണ്‍ കോര്‍ട്ട്, മോനിപ്പള്ളി-വാക്കപ്പുലം റോഡ്, തോടനാല്‍ പഞ്ചായത്ത് സ്റ്റേഡിയം, എട്ടാം വാര്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നീ  പദ്ധതികളെല്ലാം ആരംഭിച്ചപ്പോൾ  തടസ്സം സൃഷ്ടിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചിരുന്നതായും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആരോപിച്ചു.
 
 

 


സ്വന്തം വാര്‍ഡിലെ പട്ടികജാതി കോളനിയിലേക്കുള്ള കാല്‍കോടിയുടെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്ന പ്രസിഡന്റ് ഇപ്പോള്‍ പട്ടികജാതി സ്‌നേഹം പ്രകടിപ്പിക്കുന്നത് അപഹാസ്യമാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പറയുന്നു. 8-ാം വാർഡിൽ മാത്രം രണ്ടു വർഷത്തിനിടെ ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കിയത്. ഇതിനെല്ലാം തുരങ്കം വെയ്ക്കുന്ന പഞ്ചായത്ത്  പ്രസിഡൻറ് സ്വന്തം വാർഡിൽ കഴിഞ്ഞ 2 വർഷത്തിനിടെ  നടപ്പാക്കിയത് കേവലം 10 ലക്ഷത്തിൽ താഴെ രൂപയുടെ പദ്ധതികൾ മാത്രമാണെന്നും ജോസ് മോൻ പറയുന്നു.





പന്ന്യാമറ്റം കോളനിയില്‍ നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ ആറ് മാസം മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ്. എന്നാല്‍ ഇതിന് കണക്ഷന്‍ കൊടുക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിക്കുകയാണ് പ്രസിഡന്റ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ 12 തവണ കൊഴുവനാല്‍ പഞ്ചായത്തില്‍ ചെന്നിട്ടും ഈ ലൈറ്റുകള്‍ തെളിക്കുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകാത്തതിന് പിന്നില്‍ പ്രസിഡന്റാണെന്നും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആരോപിക്കുന്നു.

ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കു പോലും തലവേദനയായിട്ടുള്ള പ്രസിഡന്റ് എത്രയും വേഗം ആ പദവി രാജിവച്ച് പഞ്ചായത്തിനെ രക്ഷിക്കാന്‍ തയ്യാറാകണമെന്നും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആവശ്യപ്പെടുന്നു.
 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments