കണ്ടുപഠിക്കണം കാഞ്ഞിരപ്പളളിയിലെ ഈ സര്‍ക്കാര്‍ ആശുപത്രിയെ... ഇതാണ് യഥാര്‍ത്ഥ ആതുരസേവനം. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആന്റണി മാര്‍ട്ടിന്‍ ജോസഫ് കുറിച്ച കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ മനുഷ്യനന്‍മയുടെ മുഖങ്ങള്‍ പൊതുജനം മുമ്പാകെ എത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ വിപിന്‍ രാജു.








കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ സല്‍പേരിനെ കളങ്കപ്പെടുത്തുന്ന സ്റ്റാഫിന്റെ അന്തസിനെ ഇകഴ്ത്തുന്ന നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്. ലോക വയോജന ദിനത്തില്‍ മനുഷ്യ നന്‍മയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടന്ന സംഭവങ്ങളെ അവതരിപ്പിക്കുക എന്നത് എന്റെ  കടമയായി കരുതുന്നു.
ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട മൂന്ന് പേര്‍ മാസങ്ങളായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. 

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സര്‍ജറി വാര്‍ഡിന്റെ വരാന്തയില്‍  എണീക്കാന്‍ ആവതില്ലാതെ ആ അമ്മ കിടന്നു. ഏക മകനും ഒരുപാട് വ്യൂവേഴ്‌സ് ഉള്ള യൂട്യൂബ് വ്‌ലോഗ്ഗറായ കൊച്ചുമകളും കാണാന്‍ വന്നില്ലെങ്കിലും ജീവിതസായാഹ്നത്തില്‍ ആ അമ്മ സന്തോഷവതിയായിരുന്നു. അവരെ കുളിപ്പിക്കുകെയും ഭക്ഷണം വാരി നല്‍കുകയും ചെയ്ത ജനറല്‍ ആശുപത്രിയിലെ സുകൃത ജന്‍മങ്ങള്‍ക്കു നിറയെ നന്‍മകള്‍ നേരുന്നു.




മണിമലക്കാരന്‍ കുട്ടന്‍ കാലിനു ഗുരുതരമായ പരുക്ക് പറ്റികിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഉറ്റവരായ ആരും ഇല്ലാത്ത കുട്ടന് കൂട്ടായി ചികിത്സയും പരിചരണവും ഒരുക്കി ജനറല്‍ ആശുപത്രി ടീം കൂടെ നിന്നു. ആശുപത്രി വിട്ടുപോകാന്‍ ഇവര്‍ രണ്ടുപേര്‍ക്കും താല്പര്യം ഇല്ലായിരുന്നു ഇതുവരെ കിട്ടാതിരുന്ന സ്‌നേഹവും കരുതലും ജീവിത സായാഹ്നത്തില്‍ ഈ ജനറല്‍ ആശുപത്രിയില്‍ നിന്നും അവര്‍ക്കു ലഭിച്ചു ഇവരെ പരിചരിക്കുന്നതിനു നേതൃത്വം നല്‍കിയത് സിസ്റ്റര്‍ ജാനറ്റാണ്. സിസ്റ്ററുടെ സാന്നിധ്യം ഏറെ ആശ്വാസമാണ് ഇവിടെ എത്തുന്ന രോഗികള്‍ക്ക്. ജാനറ്റ് സിസ്റ്ററിന്റെ ജീവിതം നന്‍മകളാല്‍  സമൃദ്ധമാക്കട്ടെ എന്ന് ആശംസിക്കുന്നു.   

        
പോലീസുകാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യമെന്ന് ആരും എ.എസ്.ഐ. റ്റി.പി. സജീവനോട് ചോദിക്കില്ല.  കുന്നേലാശുപത്രി അദ്ദേഹത്തിന് സ്വന്തം വീട് തന്നെയാണ്. സദാകര്‍മ്മനിരതനായി രോഗികള്‍ക്ക് ചങ്ങാതിയായി സജിവ് ജനറല്‍ ആശുപത്രിയില്‍ ഉണ്ട്.          
ആരോ ആശുപത്രിയില്‍  ഇറക്കിവിട്ടതാണ് മനോരോഗിയായ ആ മനുഷ്യനെ. ആശുപത്രി വളപ്പില്‍ മലമുത്ര വിസര്‍ജ്ജനം നടത്തി ദിവസങ്ങളായി പരിഭ്രാന്തി പരത്തി നടന്ന ആളെ അനുനയിപ്പിച്ച് മുടി വെട്ടി വസ്ത്രം ധരിപ്പിച്ച് സുരക്ഷിതയിടത്തില്‍ പോലീസ് സഹായത്തോടെ എത്തിച്ച ജനറല്‍ ആശുപത്രിയുടെ കാവലായ പോലീസ് ഓഫീസര്‍ റ്റി. പി. സജീവന് ബിഗ് സല്യൂട്ട്. 








ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും സുരക്ഷതയിടങ്ങളില്‍ ഏല്പിക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ.എന്‍. ജയരാജ് എം എല്‍ എ, ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ മണി, റെജി കാവുങ്കല്‍, ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി, ആര്‍.എം.ഓ. ഡോ. രേഖ ശാലിനി, ചികിത്സാ കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. അനു ജോര്‍ജ്, ഡോ. അനീഷ് വര്‍ക്കി എന്നിവരോടും ജാനറ്റ് സിസ്റ്ററിനും ടീമിനും നന്ദിയും സ്‌നേഹവും അറിയിക്കുന്നു.                 





ഉപാധികളില്ലാതെ ഇവരെ സ്വീകരിച്ച ചെങ്കല്ലേപള്ളിയിലെ ആകാശപറവകളോടും പാലായിലെ മരിയ സദനത്തോടും, കൊരട്ടിയിലെ ഓള്‍ഡ് ഏജ്  ഹോം അധികാരികളോടും ഉള്ള തീരാത്ത കടപ്പാട് അറിയിക്കുന്നു.        

          
ഈ ആശുപത്രി ഇനിയും വളരണം... ഒരുപാട് പേര്‍ക്ക് കരുണയും സ്വാന്തനവും ആകണം.... നന്‍മ നിറഞ്ഞ ഒരു പിടി ആളുകള്‍ ഇവിടെ ഉള്ളടത്തോളം കാലം അത് അങ്ങനെ തന്നെ ആവുകയും ചെയ്യും.....


സ്‌നേഹപൂര്‍വ്വം  
                     
ആന്റണി മാര്‍ട്ടിന്‍ ജോസഫ്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

Post a Comment

0 Comments