മീനച്ചിൽ താലൂക്ക് വികസനസമിതി യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ഇനി ഉണ്ടാകരുത്; ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകരുത് - മാണി. സി. കാപ്പൻ എം 'എൽ എ........ യോഗത്തിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമുയർന്നു. ഹാജരാകാത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരെപ്പറ്റി ജില്ലാ കളക്ടർക്ക് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ എം. എൽ. എ, മീനച്ചിൽ തഹസീൽദാർക്ക് കർശന നിർദ്ദേശം നൽകി..... ഗതാഗത വകുപ്പ് , എക്സൈസ് എന്നിവിടങ്ങളിൽ നിന്ന് ഒരു ഉദ്യോഗസ്ഥനുമെത്തിയില്ല. പൊലീസ് പ്രതിനിധി വന്നതാകട്ടെ വൈകിയും

യെസ് വാർത്താ ഇംപാക്ട്









സുനിൽ പാലാ 

മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലതും നടപ്പാക്കുന്നില്ലെന്ന വാർത്ത ഇന്നലെ ശ്രദ്ധയിൽപ്പെട്ടൂവെന്നും മേലിൽ ഇങ്ങനെ ഒരു ആക്ഷേപം ഉണ്ടാകാൻ പാടില്ലെന്നും മാണി. സി. കാപ്പൻ എം. എൽ. എ. ഇന്ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കർശനമായി ആവശ്യപ്പെട്ടു.

യോഗ തീരുമാനങ്ങളിൽ മിക്കതും നടപ്പാകുന്നില്ലെന്ന് ഇത് സംബന്ധിച്ച്  "യെസ് വാർത്തയുടെ  " റിപ്പോർട്ടു ചൂണ്ടിക്കാട്ടി പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കലും വിഷയം യോഗത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇങ്ങനെയൊരു യോഗം നടത്തിയിട്ട് എന്തു കാര്യമെന്ന് മാധ്യമങ്ങൾ ചോദിച്ചത് സത്യമല്ലേയെന്നും ജോയി ചോദിച്ചു.

ഇന്ന് രാവിലെ മീനച്ചിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ മാണി സി. കാപ്പൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിലാണ് യോഗം  ചേർന്നത്.  

പാലാ കിഴതടിയൂർ ബൈപ്പാസിലും പാലാ തൊടുപുഴ റോഡിലും പാലാ പൊൻകുന്നം റോഡിലും ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന താല്ക്കാലിക കടകൾ നീക്കുന്നതിന് പി.ഡബ്ല്യു.ഡി പോലീസ് വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. 

പാലാ - കടപ്പാട്ടൂർ ബൈപ്പാസിന്റെ ഇരു വശവും കാട് കയറി കിടക്കുന്നത് നീക്കം ചെയ്യണമെന്നും  അംഗങ്ങൾ ആവശ്യപ്പെട്ടു.

പാലാ റിവർവ്യൂ  റോഡ് തകർന്നു കിടക്കുന്നത് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് അംഗങ്ങളുടെ ആവശ്യത്തിൽ ഒരു മാസത്തിനകം പ്രസ്തുത റോഡിന്റെ പണി പൂർത്തിയാകുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ  അറിയിച്ചു.

മീനച്ചിൽ താലൂക്കിലെ വിവിധ പൊതു സ്ഥലങ്ങളിൽ നായ ശല്യം യോഗത്തിൽ ചർച്ചയാവുകയും ഇതിന് അടിയന്തിര നടപടികൾ പാലാ മുനിസിപ്പാലിറ്റി അധികൃതർ ചെയ്യണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

മീനച്ചിലാറ്റിൽ കളരിയാമ്മക്കൽ കടവിലെ ചെക്ക് ഡാമിൽ കിടക്കുന്ന റബ്ബർ മരം നീക്കണമെന്ന ആവശ്യവും ഉയർന്നു.  




താലൂക്ക് വികസന സമിതി യോഗത്തിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ മാണി. സി. കാപ്പൻ എം. എൽ. എ മീനച്ചിൽ തഹസീൽദാറോട് ആവശ്യപ്പെട്ടു. 



താലൂക്ക് വികസന സമിതി യോഗത്തിൽ എല്ലാ വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്നും എടുക്കുന്ന തീരുമാനങ്ങൾ അടിയന്തിരപ്രാധാന്യത്തോടുകൂടി നടപടിക്രമം പാലിച്ച് ചെയ്യണമെന്നും  എം.എൽ.എ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം. മാത്യു, മീനച്ചിൽ തഹസിൽദാർ സിന്ധു വി.എസ് എന്നിവരും പ്രസംഗിച്ചു.വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

Post a Comment

0 Comments