പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ പുതിയ ബലിക്കല്‍പ്പുര ഉയര്‍ന്നു. ഇതിന്റെ സമര്‍പ്പണം വിജയദശമി നാളില്‍ രാവിലെ 9 ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തടിയും സിമന്റും ഉപയോഗിച്ചാണ് മനോഹരമായ ബലിക്കല്‍പ്പുര പണിതുയര്‍ത്തിയത്. അവസാനഘട്ട പണികള്‍ പൂര്‍ത്തിയായി വരികയാണ്.
ശില്പി നെച്ചിപ്പുഴൂര്‍ പി.എസ്. റെജിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. 35 കുത്തുകാലുകളും 24 അഴികളും ബലിക്കല്‍പ്പുരയ്ക്കുണ്ട് കുത്തുകാലുകള്‍ സിമന്റിലും അഴികള്‍ തേക്കിന്‍തടിയിലുമാണ് നിര്‍മ്മിച്ചത്. മുഖമണ്ഡപത്തില്‍ ചിത്രപ്പണികളോടുകൂടിയ വാതിലും തേക്കുതടിയിലാണ് പണിതിട്ടുള്ളത്.
ആറടി ഉയരത്തിലാണ് നിര്‍മ്മാണം. കാല്‍ നൂറ്റാണ്ടുമുമ്പാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം പുതുക്കിപണിത് പുനഃപ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് ഇവിടെ നവഗ്രഹക്ഷേത്രവും സര്‍പ്പപ്രതിഷ്ഠകളുമൊക്കെ നടത്തിയിരുന്നു. എന്നാല്‍ ബലിക്കല്‍പ്പുര നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തകാലത്ത് കാവിന്‍പുറം ദേവസ്വം ഭരണസമിതി യോഗം ചേര്‍ന്ന് ബലിക്കല്‍പ്പുര നിര്‍മ്മിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ബലിക്കല്‍പ്പുരയുടെ സമര്‍പ്പണം നടത്തും. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍ സുകുമാരന്‍ നായര്‍, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചുകൊണ്ട് ബലിക്കല്‍പ്പുര ഭക്തജനങ്ങള്‍ക്ക് സമർപ്പിക്കും.
0 Comments